ഗോഹത്യ പോലീസിനെ അറിയിച്ച വനിതയ്ക്ക് ക്രൂരമര്‍ദ്ദനം

Monday 16 October 2017 4:07 pm IST

ബംഗളൂരു : ഗോവധ നിരോധനം നിലനിൽക്കുന്ന കർണാടകയിൽ ഗോഹത്യ പോലീസിൽ റിപ്പോർട്ട് ചെയ്ത വനിത സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് മർദ്ദനം . നന്ദിനി എന്ന യുവതിയ്ക്കാണ് മര്‍ദ്ദനം ഏറ്റത്. ഇവരുടെ കാറും തകർത്തു. പോലീസിന്റെ അറിവോടെയാണ് മര്‍ദ്ദനം എന്നാണ് ആരോപണം. സുഹൃത്തുക്കളോടൊത്ത് കാറിൽ യാത്ര ചെയ്യുകയായിരുന്ന നന്ദിനി ബംഗളൂരു ജെ പി നഗറിനു സമീപം പശുക്കശാപ്പ് നടത്തുന്നത് കണ്ടത് . കർണാടക ഗോഹത്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനമായതിനാൽ യുവതിയും സുഹൃത്തുക്കളും തളഗാട്ടുപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകി . നടപടിയെടുക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സ്ഥലം ചൂണ്ടിക്കാണിക്കാൻ യുവതിക്കൊപ്പം രണ്ട് പോലീസുകാരെയാണ് സ്റ്റേഷനിൽ നിന്നും വിട്ടത് . പോലീസ് സംഘം സ്ഥലത്തെത്തും എന്ന ഉറപ്പിന്മേൽ കശാപ്പ് നടക്കുന്ന സ്ഥലത്തെത്തിയ നന്ദിനിയേയും സുഹൃത്തുക്കളേയും നൂറോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ തടയാനോ നടപടിയെടുക്കാനോ പോലീസ് ശ്രമിച്ചില്ല . കൂടുതൽ പോലീസ് സ്ഥലത്തെത്തിയതുമില്ല . തിരിച്ച് പോലീസ് സ്റ്റേഷനിലെത്തിയ നന്ദിനിയെ എസ്.ഐ അപമാനിച്ചുവെന്നും ആരോപണമുണ്ട് .അക്രമിച്ചവർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും നന്ദിനി വ്യക്തമാക്കുന്നു . എസ്ഐയുടെ അറിവോടെ മനപ്പൂർവ്വം തങ്ങളെ അക്രമികൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു എന്ന് നന്ദിനി പറയുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രതിഷേധിച്ചു. സിദ്ധരാമയ്യയുടെ ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അദ്ദേഹം ആരോപിച്ചു.