ഭക്ഷ്യവിഷബാധയേറ്റ് ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Monday 16 October 2017 9:16 pm IST

കണ്ണൂര്‍: ഹര്‍ത്താല്‍ദിനത്തില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടയാട് സ്‌റ്റേഡിയത്തില്‍ ഇലക്ട്രിക്കല്‍ ജോലിക്കായെത്തിയ തിരുവനന്തപുരം സ്വദേശികളാണ് ആശുപത്രിയിലായത്. സോണി റോസ്, മുനീര്‍, ഷിജിന്‍, വിനീത്, അനീഷ്, വിഷ്ണു, അനന്തു എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടലുകള്‍ തുറക്കാഞ്ഞതിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെ ഒരു കാന്റീനില്‍ നിന്നും കൊണ്ടുവന്ന മുട്ടക്കറിയും അപ്പവും കഴിച്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.