ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതല്‍ പേര്‍ ആശുപത്രികളില്‍

Monday 16 October 2017 9:17 pm IST

ഇരിട്ടി: ഇരിട്ടിയിലെ സിഎം ഷവര്‍മ്മ ഷോപ്പില്‍ നിന്നും ഷവര്‍മ്മ കഴിച്ചതിനെത്തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ് കൂടുതല്‍ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ഇവിടെനിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം ഷവര്‍മ്മ കഴിച്ച പതിഞ്ചോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതായും വിവിധ ആശുപത്രകളില്‍ ചികിത്സ തേടിയതയുമുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഛര്‍ദ്ദിയും വറുവേദനയുമായി ഇന്നലെ രണ്ടുപേരാണ് എത്തിയിരിക്കുന്നത് . മട്ടന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മറ്റൊരാളും ചികിത്സ തേടിയിരിക്കുകയാണ്. കീഴ്പ്പള്ളിയിലെ പുത്തന്‍ പുരക്കല്‍ വീട്ടില്‍ പി.ആര്‍.രമ്യ, എടൂര്‍ സ്വദേശി നിധിന്‍ എന്നിവരാണ് ഇന്നലെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തില്ലങ്കേരി സ്വദേശി ശ്രീരാജ് ആണ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ടായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള നിധിന്റെ കൂടെയും മട്ടന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീരാജിന്റെ കൂടെയും നാലുപേര്‍ വീതം ഷവര്‍മ്മ ഷോപ്പില്‍ നിന്നും ഷവര്‍മ്മ കഴിച്ചിരുന്നതായി പറയുന്നു. ഇവര്‍ക്കും വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കൂടുതല്‍ പ്രശനങ്ങള്‍ ഇല്ലാഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രികളില്‍ നിന്നും മരുന്ന് നല്‍കി വിട്ടയക്കുകയായിരുന്നു.