ഇരിട്ടി താലൂക്ക് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് അതിക്രമം: ജീവനക്കാര്‍ക്ക് പരിക്ക്: രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

Monday 16 October 2017 9:17 pm IST

ഇരിട്ടി: ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിച്ചു എന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചു. ഇതിനെത്തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സി.ടി.പ്രസാദ്, അറ്റന്റര്‍ ജയേഷ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ജോസ് ജേക്കബ്, ഷാനിദ് പുന്നാട് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടാതെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ് അടക്കം 15 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കേരളാ ഗ്രാമീണ്‍ബാങ്ക് ഇരിട്ടി ശാഖ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ശാഖയിലെത്തി തുറന്നുവെച്ച ബാങ്ക് പൂട്ടിച്ചു. ഇതിനുശേഷം ഇരിട്ടി താലൂക്ക് ഓഫീസില്‍ എത്തിയ പതിനഞ്ചോളം വരുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി സീനിയര്‍ ക്ലര്‍ക്ക് പ്രസാദുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ ചിലര്‍ ഇദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഇരു വിഭാഗവും ഷര്‍ട്ടിലും മറ്റും കയറിപ്പിടിക്കുകയും ബഹളം വെക്കുകയുമായിരുന്നു. തോമസ് വര്‍ഗീസ് അടക്കമുള്ളവര്‍ ഇതിനിടയില്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഇതിനിടയില്‍ ഇരിട്ടി എസ്‌ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ജോസ് ജേക്കബിനെയും ഷാനിദ് പുന്നാടിനെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് പ്രകടനമായി ഇവര്‍ പോലീസ് സ്‌റ്റേഷനിലേക്കു നീങ്ങി. എസ്‌ഐയുമായി ചര്‍ച്ച നടത്തിയെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. ഇതിനിടയില്‍ താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. ഇവരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് പതിനഞ്ചോളം കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. താലൂക്ക് ഓഫീസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എഫ്എസഇടിഒവിന്റെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു. നേതാക്കളായ കെ.രതീശന്‍, പ്രേമരാജന്‍, എം.വി.ശശീന്ദ്രന്‍, കെ.ഷാജി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.