പോരാട്ടം വികസനവും കുടുംബവാഴ്ചയും തമ്മില്‍'

Monday 16 October 2017 9:53 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കുടുംബവാഴ്ചയും വികസനവും തമ്മിലുള്ള പോരാട്ടമാണെന്ന് മോദി പറഞ്ഞു. കുടുംബവാഴ്ചയെ വികസന രാഷ്ട്രീയം പരാജയപ്പെടുത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ ഏഴ് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുത്തു. 150 സീറ്റുകള്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങുന്ന ബിജെപിക്ക് ആവേശം പകരുന്നതാണ് സമ്മേളനത്തിലെ ജനപങ്കാളിത്തം. ഗുജറാത്തിനെയും ഗുജറാത്തികളെയും നെഹ്‌റു കുടുംബത്തിന് ഇഷ്ടമല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വികസനത്തോട് നിഷേധാത്മക കാഴ്ചപ്പാടാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. സര്‍ദാര്‍ സരോവര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടില്ല. നിരവധി പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സംഭാവന ചെയ്ത കോണ്‍ഗ്രസ് നുണപ്രചരിപ്പിക്കുകയും അശുഭചിന്തകള്‍ പടര്‍ത്തുകയുമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ വികസന വിഷയങ്ങള്‍ ഉന്നയിച്ച് മത്സരിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. ജാമ്യത്തില്‍ ജീവിക്കുന്നവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന് അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടി മോദി പരിഹസിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.