ആരുഷി വധക്കേസില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായി

Monday 16 October 2017 7:32 pm IST

ന്യൂദല്‍ഹി: മകള്‍ ആരുഷിയെ വധിച്ചെന്ന കേസില്‍ ദന്തഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാറും ജയില്‍ മോചിതരായി. അലഹബാദ് സിബിഐ കോടതിയുടെ വിധിപ്പകര്‍പ്പ് ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ എത്തിച്ചതിനു ശേഷമാണ് നാല് വര്‍ഷം നീണ്ട ജയില്‍ വാസത്തിനോടുവില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരാകുന്നത്. 2008 മെയ് 15 രാത്രിയിലാണ് നോയ്ഡയിലെ ജല്‍വായൂ വിഹാറിലുള്ള ഇവരുടെ വസതിയില്‍, അവളുടെ കിടപ്പുമുറിയില്‍ ആരുഷിയെ കഴുത്തു പിളര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലാം ജന്മദിനത്തിന് വെറും എട്ടു ദിവസം ബാക്കി നില്‍ക്കെയായിരുന്നു കൊലപാതകം. വേലക്കാരന്‍ ഹേംരാജിനെയാണ് ആദ്യം സംശയിച്ചിരുന്നത്. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് അയാളുടെ വസതിയുടെ ടെറസില്‍ ഹേംരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വേലക്കാരന്‍ ഹേമരാജുമായി ആരുഷിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇവരുടെ സമാഗമം നേരിട്ടുകണ്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ മകളെയും വേലക്കാരനെയും കൊല്ലുകയായിരുന്നുവെന്നുമായിരുന്നു കേസ്. മായാവതി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ജൂണ്‍ ഒന്നിന് കേസ് സിബിഐക്ക് കൈമാറി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചും സംശയിക്കുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയും നടത്തിയ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിന്റെ കമ്പൗണ്ടര്‍ കൃഷ്ണയും കൂലിപ്പണിക്കാരായ രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരും അറസ്റ്റിലായി. പക്ഷെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇവരെ വിട്ടയക്കേണ്ടിവന്നു. വീണ്ടുമൊരു സംഘത്തെ നിയോഗിച്ച് സിബിഐ പുരന്വേഷണം നടത്തി. ഈ സംഘം മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ സിബിഐ കോടതി ലഭ്യമായ തെളിവുകള്‍ വച്ച് തല്‍വാര്‍മാരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഇതിനെതിരേ ദമ്പതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി, സാഹചര്യത്തെളിവുകളുള്‍പ്പെടെ ഒന്നും പ്രതികള്‍ക്കെതിരേ നിലനില്‍ക്കില്ലെന്നു കണ്ടെത്തി കുറ്റവിമുക്തരാക്കുകയായിരുന്നു.