നീലേശ്വരത്ത് വന്‍ ഭൂമി കയ്യേറ്റം

Monday 16 October 2017 7:23 pm IST

നീലേശ്വരം: നീലേശ്വരം നഗരസഭയുടെ അധീനതയിലുള്ള 30 ഏക്കറോളം ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കയ്യേറി. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും അണികളും കയ്യേറ്റക്കാരില്‍ ഉള്‍പ്പെടും. നീലേശ്വരം വില്ലേജില്‍ മാത്രം 10 ഏക്കറോളം സ്ഥലം കയ്യേറിയിട്ടുണ്ട്. മേച്ചില്‍സ്ഥലങ്ങളും പുഴ പുറമ്പോക്കും നഗരസഭാ ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പഴയകാലത്ത് കാലികളെ മേയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഇത് പിന്നീട് പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും സ്വത്തുക്കളായി മാറുകയായിരുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇത് തുണ്ടുകളായി കിടക്കുകയാണ്. ഇത്തരംഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വീടുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചു. ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളും നിര്‍മ്മിച്ചു.  കയ്യേറ്റം തുടരുന്നത് തടയാനും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനും നഗരസഭ നടപടി തുടങ്ങി. കയ്യേറ്റക്കാരോട് 28 ന് തങ്ങളുടെ പക്കലുള്ള രേഖകളുമായി ഹാജരാകാന്‍ മുനിസിപ്പാലിറ്റി നോട്ടീസ് അയച്ചുതുടങ്ങി. നീലേശ്വരം മുതല്‍ ബോട്ട്‌ജെട്ടിവരെയും കാര്യങ്കോട് മുതല്‍ കടലോരം വരെയും വ്യാപകമായി പുഴ പുറമ്പോക്ക് കയ്യേറിയിട്ടുണ്ട്. കയ്യേറ്റ ഭൂമിയില്‍ കൊപ്രക്കളം വരെ നിര്‍മ്മിച്ചിട്ടുണ്ട്. നവംബര്‍ ആദ്യവാരത്തോടെ ഭൂമി ഒഴിപ്പിക്കലും പിടിച്ചെടുക്കലും തുടങ്ങാനാണ് സാങ്കേതിക കമ്മറ്റിയുടെ ആലോചന.