ഹര്‍ത്താലില്‍ വലഞ്ഞ് ജനം

Monday 16 October 2017 7:30 pm IST

പാലക്കാട്:യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലില്‍ വലഞ്ഞ് ജനങ്ങള്‍. വാഹനങ്ങളും ഭക്ഷണവും ലഭിക്കാതെ ജില്ലയിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. ഇതിനിടെ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. പാലക്കാട് ഡിപ്പോയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് എലപ്പുള്ളി നോമ്പിക്കോട് വെച്ചും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിന് കോട്ടായിയില്‍വെച്ചുമാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ആര്‍ക്കും പരിക്കില്ല. അക്രമണത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.പാലക്കാട് ഡിപ്പോയില്‍ നിന്ന് ഏഴ് സര്‍വീസ് നടത്തിയിരുന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല.വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ ഷോപ്പുകളൊഴിച്ച് കടകളും ഹോട്ടലുകളെല്ലാം അടഞ്ഞ് കിടന്നു.സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും എത്താത്തതിനെ തുടര്‍ന്ന് ഭൂരിഭാഗവും അടഞ്ഞ് കിടന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പ്രവര്‍ത്തനം ഭാഗീകമായിരുന്നു. തസ്തിക മാറ്റത്തിനും ഉദ്യോഗ കയറ്റത്തിനുമായി നടന്ന പിഎസ്‌സി പരീക്ഷ ഹര്‍ത്താല്‍ മൂലം ഉദ്യോര്‍ഥികളെ വലച്ചു. പലരും സ്വകാര്യവാഹനങ്ങളിലും മറ്റും ഏറെ ദുരിതം സഹിച്ചാണ് പരീക്ഷാകേന്ദ്രത്തിലെത്തിയത്. കെഎസ്ആര്‍ടി ബസ് സര്‍വീസ് നടത്തുന്നുമെന്ന് അറിയിപ്പിനെ തുടര്‍ന്ന് പലരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയെങ്കിലും അക്രമണം ഭയന്ന് സര്‍വീസ് നിര്‍ത്തിവെച്ചതും ജനങ്ങള്‍ക്ക് ദുരിതമായി. റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ പോലീസ് വാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും വീടുകളിലെത്തിച്ചു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും രാവിലെ നിരത്തുകളില്‍ കൂടി ഓടിയിരുന്നുവെങ്കിലും പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയായിരുന്നു. ദീപാവലിയോടനുബന്ധിച്ച് അതിര്‍ത്തി പഞ്ചായത്തുകളായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പഞ്ചായത്തുകളേയും മീനാക്ഷിപുരം ഉള്‍പ്പെടുന്ന മൂലത്തറ വില്ലേജിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസിചിറ്റൂര്‍ ഡിപ്പോയില്‍ നിന്നും കൊഴിഞ്ഞാമ്പാറ,പൊള്ളാച്ചി,തൃശൂര്‍ സര്‍വിസ് നടത്തിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.രാവിലെ പാലക്കാട് ഡിപ്പോയില്‍ നിന്ന് പാലക്കാട് പൊളളാച്ചി സര്‍വിസ് നടത്തിയെങ്കിലും കൊഴിഞ്ഞാമ്പാറയ്ക്ക് സമീപം നോമ്പിക്കോടില്‍ ബൈക്കിലെത്തിയ സംഘം കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു.വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചിലുകള്‍ എറിഞ്ഞു തകര്‍ത്തു.ആര്‍ക്കും പരിക്കില്ല. ഇതേ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു. ചിറ്റൂര്‍, വണ്ടിത്താവളം, നല്ലേപ്പിള്ളി, മേട്ടുപാളയം, പള്ളിമുക്ക്, എന്നിവടങ്ങളില്‍ പ്രവര്‍ത്തകര്‍ രാവിലെ തന്നെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. വാഹനം തടയരുതെന്ന നേതാക്കളുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ കൊല്ലങ്കോട് നിരവധി വാഹനങ്ങള്‍ തടഞ്ഞും ആക്രോശിച്ചും ഭീഷണിപ്പെടുത്തിയും ഹര്‍ത്താല്‍ ആഘോഷമാക്കിയത്. വടവന്നൂരില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹനമുള്‍പ്പെടെയുള്ളവ തടഞ്ഞു. പോലീസ് സംഭവസ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി, മരണ വിട്ടുകളില്‍ പോകുന്നവര്‍ക്ക് പോലും വാഹനം നിര്‍ത്തിയിടേണ്ടി വന്നു.നേതാക്കള്‍ വാഹനത്തെ പോകാന്‍ അനുവദിച്ചെങ്കിലും അണികള്‍ നേതാക്കളെ ചോദ്യം ചെയ്യുകയും വാഹനം തടയുകയുമാണ് വടവന്നൂര്‍ ജംഗ്ഷനില്‍ നടന്നത്.അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിനെ കൊല്ലങ്കോട് ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.