ഇഞ്ചി

Monday 16 October 2017 8:00 pm IST

ശാസ്ത്രീയനാമം: zingiber officinale സംസ്‌കൃതം: ശൃംഗിവേരം, തമിഴ്: ഇഞ്ചി എവിടെ കാണുന്നു: കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നാണ്യവിളയായി കൃഷിചെയ്യുന്നു. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വനങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളിലും കാണാം. നാട്ടില്‍ കൃഷിചെയ്യുന്ന ഇഞ്ചിയേക്കാള്‍ ഗുണവും ഔഷധവീര്യവും കാട്ടില്‍ നിന്നും ലഭിക്കുന്ന ഇഞ്ചിക്കാണ്. ഉപയോഗിക്കുന്ന ഭാഗങ്ങള്‍: ഇഞ്ചി സമൂലം, ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക്. ഇത് ഒരു ഭൂകാണ്ഡമാണ്. കാണ്ഡം മുറിച്ചുനട്ട് പുനരുത്പാദിപ്പിക്കുന്നു. ഔഷധപ്രയോഗങ്ങള്‍: ഇഞ്ചി നീര് അരിച്ചെടുത്തത് ഒരു സ്പൂണ്‍( അഞ്ച് മില്ലി) ഇത് ചെറുതായി ചൂടാക്കി(45 )ഇതില്‍ ഒരുനുള്ള് ഇന്തുപ്പ് പൊടിച്ചത്, അഞ്ച് മില്ലി നറുനെയ്യ്, അഞ്ച് തുള്ളി എള്ളെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്കുണ്ടാകുന്ന ചെവി വേദനയ്ക്ക് ചെറു ചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ തല്‍ക്ഷണം വേദന ശമിക്കും. 2 ഒരു ഔണ്‍സ് ഇഞ്ചി നീര്, ഒരു നുള്ള് ഇന്തുപ്പ് പൊടിച്ചത്, അര സ്പൂണ്‍ തിപ്പലിപ്പൊടി, അര സ്പൂണ്‍ കുരുമുളക് പൊടി, അര സ്പൂണ്‍ നെയ്യ് ഇവ നന്നായി ചൂടാക്കി വാങ്ങിയ ശേഷം അര സ്പൂണ്‍ തേനും ചേര്‍ത്ത് 20 മില്ലി വീതം ചെറുചൂടോടെ കവിള്‍( ഗണ്ഡൂഷം)കൊള്ളുക. പരമാവധി സമയം വായില്‍ പിടിച്ചുവച്ച ശേഷം തുപ്പി കളയുക. വീണ്ടും ഇതാവര്‍ത്തിക്കുക. മൂന്നാമത്തെ പ്രാവശ്യം വായില്‍ കൊണ്ടശേഷം ഇറക്കുക. ഇപ്രകാരം ചെയ്താല്‍ തൊണ്ടയിലും കവിള്‍ത്തടങ്ങളിലും ശിരസ്സിലും ഉള്ള കഫം മുഴുവന്‍ പുറത്തേക്ക് പോകും. തൊണ്ടവേദന ശമിക്കും. സ്വരം തെളിയും. തുടര്‍ച്ചയായി രണ്ടുദിവസം ചെയ്യുക. 3 വയറ്റില്‍ ഗ്യാസ് നിറഞ്ഞ് പുളിച്ചുതികട്ടല്‍ ഉണ്ടാകുകയും ദഹനക്കുറവ് ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഒരു വില്വാദി ഗുളിക ഒരു ഔണ്‍സ് ഇഞ്ചിനീരില്‍ അരച്ച് കഴിച്ചാല്‍ അരമണിക്കൂറിനകം പുളിച്ചുതികട്ടല്‍ ശമിക്കുകയും വയറ്റില്‍ നിന്ന് ഗ്യാസ് ഒഴിവാകുകയും ചെയ്യും. ഗ്യാസ്ട്രബിള്‍ കൊണ്ട് വലയുന്ന ആള്‍ക്കാര്‍ 15 ദിവസം ഇപ്രകാരം രണ്ട് നേരം സേവിച്ചാല്‍ ഗ്യാസ്ട്രബിളില്‍ നിന്ന് മുക്തി നേടാം. 4 ചുക്ക്, കുരുമുളക്, തിപ്പലി, കടുക്കാത്തൊണ്ട്, മുത്തങ്ങാക്കിഴങ്ങ് എന്നിവ സമം പൊടിച്ച് ഇരട്ടി ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച് ( അഞ്ച് ഗ്രാം മേല്‍പ്പൊടി ചൂര്‍ണ്ണം പത്ത് ഗ്രാം ശര്‍ക്കരയില്‍ ചേര്‍ത്ത്) കഴിച്ചാല്‍ നെഞ്ചിലെ കഫക്കെട്ട്, ചുമ എന്നിവ നിശ്ശേഷം മാറിക്കിട്ടും. 5 ഒരു ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് വയറ് ശുദ്ധിയാക്കുന്നതിനും ചുമ മാറുന്നതിനും രക്തശുദ്ധിക്കും ശ്രേഷ്ഠമാണ്. 6 ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ലുതന്നെ മലയാള ഭാഷയിലുണ്ട്. അതായത് ചുക്ക് എല്ലാ രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു എന്ന് സാരം. ചുക്ക്, ഏലക്ക, വെളുത്തുള്ളി ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായം അഞ്ച് മില്ലി തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ കുട്ടികളിലെ കൃമി ശല്യം, വയറ്റുവേദന, ഓക്കാനം, ദഹനക്കുറവ് ഇവ ശമിക്കും. 7 ചുക്ക് അരക്കിലോ, കാരെള്ള് വറുത്തത് ഒരു കിലോ, ശര്‍ക്കര മൂന്ന് കിലോ, ഇവ കല്ലുരലില്‍ ഇടിച്ച് യോജിപ്പിച്ച് ഒരു നെല്ലിക്ക അളവില്‍ ദിവസം രണ്ടുനേരം ഒരാഴ്ച തുടര്‍ച്ചായായി സേവിച്ചാല്‍ ദഹനക്കുറവും ചുമയം നിശ്ശേഷം മാറിക്കിട്ടും. 8 ചുക്ക്, ജീരകം, തിപ്പലി ഇവ സമതൂക്കം വറുത്ത് പൊടിച്ച് കല്‍ക്കണ്ടവും ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും. 9 ഇഞ്ചി അലോപ്പതി ചികിത്സാ സമ്പ്രദായത്തിലും ഔഷധനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. സിദ്ധവൈദ്യത്തില്‍ പല മരുന്നുകളും ശുദ്ധിചെയ്യുന്നതിന്(56 പാഷാണങ്ങള്‍) ഇഞ്ചി ഉപയോഗിക്കുന്നു. ഇഞ്ചി നീര് വിദേശരാജ്യങ്ങളില്‍ ബിയര്‍ നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.