എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി; പ്രതി പിടിയില്‍

Monday 16 October 2017 9:00 pm IST

  അടിമാലി: റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ വിനോദ സഞ്ചാരികളുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ തെലുങ്കാന പോലീസിന്റെ പിടിയില്‍. മൂന്നാര്‍ ചിത്തിരപുരം ഗ്രീന്‍ട്രീസ് റിസോര്‍ട്ടിലെ ജീവനക്കാരന്‍ ചാലകുടി സ്വദേശി ഗ്ലാഡ്‌വിന്‍(35)നെയാണ് വെളളത്തൂവല്‍ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യില്‍ നിന്നും ചൈനീസ് നിര്‍മ്മിത സൈ്വപ്പിങ്ങ് മെഷീനും പിടിച്ചെടുത്തു. മുറി ബുക്ക് ചെയ്തവര്‍ ഡെബിറ്റ് കാര്‍ഡ് വഴിയാണ് പണം കൈമാറിയിരുന്നത്. യഥാര്‍ത്ഥ ബില്‍ റിസോര്‍ട്ടിലെ സൈ്വപ്പിങ്ങ് മെഷീനിലൂടെ പിന്‍വലിച്ച ശേഷം സ്വന്തമായുളള ചൈന നിര്‍മ്മിത സൈ്വപ്പിങ്ങ് മെഷീനില്‍ സൈ്വപ്പ് ചെയ്ത് വിനോദ സഞ്ചാരികളുടെ എടിഎം കാര്‍ഡുകളിലെ വിശദാംശങ്ങള്‍ മനസിലാക്കും. ഇവര്‍ പോയി ആഴ്ചകള്‍ കഴിഞ്ഞതിന് ശേഷമാണ് ഈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരുന്നത്. ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതോടെയാണ് തെലുങ്കാന സ്വദേശി പരാതി നല്‍കിയത്. ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിട്ടാണ് ഇയാള്‍ക്ക് ഇവിടെ ജോലിയെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. സൈ്വപ്പിങ്ങ് മെഷിന്‍ എങ്ങനെ ഗ്ലാഡ്‌വിന്റെ കൈവശം എത്തിയതെന്നത് കണ്ടെത്താനായിട്ടില്ല. പ്രതിയെ ഇന്നലെ തെലുങ്കാനയ്ക്ക് കൊണ്ട് പോയി.