അക്രമം സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പ് മുഴപ്പിലങ്ങാട്ട് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ അക്രമിച്ച സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

Monday 16 October 2017 9:18 pm IST

കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് ഞായറാഴ്ച വൈകുന്നേരം ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാതെ പോലീസ്. സിപിഎമ്മുകാരായ പ്രതികളെ ക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടടും സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാതെ തികഞ്ഞ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴപ്പിലങ്ങാട് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ സിപിഎം അക്രമിസംഘം അടിക്കടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ നടത്തുമ്പോഴും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് മടി കാണിക്കുകയാണ്. ഇത് അക്രമികള്‍ക്ക് തുടര്‍ അക്രമങ്ങള്‍ നടത്താന്‍ പ്രചോദനമാവുകയാണ്. ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് കൂടക്കടവിലെ പി.നിധീഷി(28)നെയാണ് ഞായറാഴ്ച വൈകുന്നേരം പട്ടാപകല്‍ മുഴപ്പിലങ്ങാട് ബീച്ച്‌റോഡില്‍ വെച്ച് മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ നിധീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത സമാധാനചര്‍ച്ചയില്‍ നിധീഷ് പങ്കെടുത്തിരുന്നു. മേഖലയിലെ പലഭാഗങ്ങളിലും സിപിഎം തുടര്‍ച്ചയായി അക്രമം നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വിവിധകക്ഷിനേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ സമാധാനയോഗത്തിന്റെ മഷിയുണങ്ങും മുമ്പാണ് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധിയെത്തന്നെ സിപിഎം സംഘം ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഗണേശോല്‍സവവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ മേഖലയില്‍ വ്യാപക അക്രമം നടത്തിയിരുന്നു. പ്രസ്തുത അക്രമസംഭവങ്ങളിലൊന്നും സിപിഎമ്മുകാരായ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിരുന്നില്ല. മാത്രമല്ല, സംഘപരിവാര്‍ പ്രവര്‍ത്തകരായ നിരപരാധികളെ സിപിഎം നിര്‍ദ്ദേശപ്രകാരം കളളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയാണ് ചെയ്തത്. ഗണേശോത്സവത്തിന് നേരെയുണ്ടായ അക്രമത്തിനുശേഷം സമാധാനയോഗം വിളിച്ച് മേഖലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വീണ്ടും സിപിഎം അക്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്. മേഖലയിലെ സമാധാന യോഗങ്ങളിലെല്ലാം ആര്‍എസ്എസ് പ്രതിനിധിയായി പങ്കെടുക്കുന്ന വ്യക്തിയെത്തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിലൂടെ ജില്ലയില്‍ ഒരിക്കളും ശാശ്വതസമാധാനം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. സമാധാനവും ശാന്തിയും നിലനില്‍ക്കുന്ന മുഴപ്പിലങ്ങാട് മേഖലയില്‍ അശാന്തി വിതയ്ക്കാനുളള സിപിഎം നീക്കത്തില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.