ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; പ്രതി റിമാന്‍ഡില്‍

Monday 16 October 2017 9:40 pm IST

പിടിയിലായ സഹീര്‍ അഹമ്മദ്‌

തൊടുപുഴ: ബഹറിനില്‍ ജോലി വാഗ്ദാനം നല്‍കി 35 യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ ഉത്തര്‍പ്രദേശുകാരനെ റിമാന്‍ഡ് ചെയ്തു. ബിജിനോര്‍ സ്വദേശി സഹീര്‍ അഹമ്മദ്(52) ആണ് കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടില്‍ നിന്ന് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

തട്ടിപ്പില്‍ പങ്കാളിയും പ്രതിയുടെ സുഹൃത്തുമായ മലയാളി യുവതിയെ പോലീസ് തെരഞ്ഞ്‌വരികയാണ്. 17.5 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. സംസ്ഥാനത്തെമ്പാടും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം.

തൊടുപുഴയ്ക്ക് സമീപത്തെ സ്വകാര്യ ഐ.ടി.ഐ. സ്ഥാപനത്തിലെ ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 50,000 രൂപ വീതമാണ് ഒരോരുത്തരില്‍ നിന്ന് തട്ടിയെടുത്തത്. പണം വാങ്ങിയതിന് ശേഷം ഉദ്യോഗാര്‍ത്ഥികളോട് വൈദ്യപരിശോധനയ്ക്കായി ദല്‍ഹിയിലുള്ള നിസാമുദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞു. അവിടത്തെ ഒരു ഓഫീസിന്റെ വിലാസവും നല്‍കിയിരുന്നു.

ഇവിടെ എത്തി ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ ഓഫീസിന്റെ വിലാസം തെറ്റാണെന്ന് മനസിലായി. മൂന്നുമാസം മുന്‍പാണ് പരാതി നല്‍കുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷന്‍ മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. അഡീ. എസ്.ഐ. പി.എസ്. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ മുട്ടത്തും സമാനമായ രീതിയില്‍ നാല് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 1,05,000 രൂപ തട്ടിയെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.