ഇസാഫ് ബാങ്കിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞു

Monday 16 October 2017 9:42 pm IST

തൃശൂര്‍: ഈ മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഏഴ് മാസത്തിനകം ആയിരം കോടി രൂപയുടെ നിക്ഷേപം. വായ്പയിനത്തില്‍ 3000 കോടി രൂപ സ്വരൂപിച്ചുവെന്നും ഇസാഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് അറിയിച്ചു. സ്ഥിര, സേവിങ്‌സ് നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപകരില്‍ നിന്നുള്ള പ്രോത്സാഹനത്തിനു കാരണം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2,500 കോടി രൂപ നിക്ഷേപവും 5,000 കോടി രൂപ വായ്പയും 10,000 കോടിയുടെ ഇടപാട് നടത്താനാകും. നിലവില്‍ ബാങ്കിന് 360 ഔട്ട്‌ലെറ്റുകളും 3,500 കോടി രൂപയുടെ ആസ്തിയും 18 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 6,000 കോടി രൂപയുടെ ഇടപാട് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് 1,300 പുതിയ ഗ്രാമങ്ങളിലുള്‍പ്പെടെ രാജ്യത്തെ 4,200 ഗ്രാമങ്ങളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പദ്ധതി നടപ്പാക്കും. 115 പുതിയ റീട്ടെയ്ല്‍ ഔട്ട്‌ൈലറ്റുകള്‍, 460 ബാങ്കിങ് ഔട്ട്‌ൈലറ്റുകള്‍, നൂറ് എടിഎമ്മുകള്‍ ഈ സാമ്പത്തിക വര്‍ഷം സ്ഥാപിക്കും. ഇസാഫിന്റെ സേവനം അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 മാര്‍ച്ച് പത്തിനാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നിലവില്‍ വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.