ഇന്ത്യ കണ്ട മികച്ച ഗോള്‍കീപ്പര്‍

Monday 16 October 2017 9:46 pm IST

പള്ളുരുത്തി: പീറ്റര്‍ തങ്കരാജ്... ഒരു കാലത്ത് ഈ പേരു കേട്ടാല്‍ കാല്‍പ്പന്തുകളിയെ പ്രണയിക്കുന്നവര്‍ ഗ്യാലറിയില്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയിരുന്നു. ഇന്ത്യയുടെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ പീറ്റര്‍ തങ്കരാജിനെക്കുറിച്ച് പറയുമ്പോള്‍ ഫുട്‌ബോളിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആരാധിക്കുന്ന കൊച്ചിയുടെ പ്രിയ ഫുട്‌ബോള്‍ താരം റൂഫസ് ഡിസൂസക്ക് ആയിരംനാവ്, '50കളില്‍ ഫുട്‌ബോള്‍ കളത്തില്‍ നിറഞ്ഞുനിന്നിരുന്ന ആറടി ഉയരമുള്ള അരോഗദൃഢഗാത്രനായ പീറ്റര്‍ തങ്കരാജിനെ പഴയകാല ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കില്ല. ഇന്ത്യന്‍ ഗോള്‍വലയം ഉരുക്കുകോട്ട പോലെ കാത്തുസൂക്ഷിച്ച പീറ്ററിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച ഗോള്‍കീപ്പറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.1956ല്‍ മെല്‍ബന്‍ ഒളിമ്പിക്‌സിലും,1960 ലെ റോം ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കു വേണ്ടി ജേഴ്‌സിയണിഞ്ഞു. 1958ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ഇന്ത്യക്കു വേണ്ടി അഭിമാന പോരാട്ടം നടത്തി. 1962ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ കളിയുടെ വിജയശില്‍പ്പി പീറ്റര്‍ തങ്കരാജായിരുന്നു. തുടര്‍ന്ന് 1966ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇദ്ദേഹം ഭാരതത്തിനു വേണ്ടി ബൂട്ടണിഞ്ഞു. മോഹന്‍ ബഗാന്‍, റെയില്‍വേസ്, സര്‍വ്വീസസ് എന്നീ ടീമുകള്‍ക്കു വേണ്ടിയും മിന്നും പ്രകടനം കാഴ്ചവെച്ചു. ആറടിയിലേറെയുള്ള തങ്കരാജിന്റെ കരങ്ങള്‍ മറികടന്ന് വലയിലേക്ക് ബോള്‍എത്തിക്കാന്‍ മറു ടീമുകള്‍ നന്നേ പാടുപെട്ടു. നീളമുള്ള തന്റെ കൈകളിലെത്തുന്ന ബോള്‍ ചുഴറ്റിയെടുത്ത് എറിയുമ്പോള്‍ എതിര്‍ ടീമംഗങ്ങളുടെവലയം ഭേദിച്ച് ഗോളായി മാറിയ ചരിത്രവുമുണ്ടെന്ന്‌റൂഫസ് ഡിസൂസ ഓര്‍ക്കുന്നു. ബോളിനെ ഡൈവ് ചെയ്ത് പറന്ന് ചെന്ന് പിടി.ക്കുന്ന പീറ്റര്‍ തങ്കരാജിന്റെരീതിയും ഫുട്‌ബോളിലെ ഹിറ്റ് ചരിത്രമാണ് 1967 ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 1936ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച തങ്കരാജ് 2008ല്‍ ലോകത്തോട് വിടപറഞ്ഞു. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.