വിശപ്പടക്കാന്‍ ഇവര്‍ക്ക് കാട്ടുകനികള്‍ മാത്രം

Monday 16 October 2017 10:05 pm IST

തിരുവനന്തപുരം: കാട്ടുകനികള്‍ ഭക്ഷിച്ച് വിശപ്പടക്കി, ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ അന്തിയുറങ്ങി, കണ്ണീരു കുടിച്ചു കഴിയുകയാണ് കാടിന്റെ മക്കള്‍. അരിയാഹാരം കഴിച്ച കാലം ഓര്‍മ്മയില്‍ പോലുമില്ലെന്ന് ഇവര്‍. കോട്ടൂര്‍ വനമേഖലയിലെ പാറ്റാംപാറ ആദിവാസി ഊരിലെ മുപ്പതോളം കുടുംബങ്ങളാണ് ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ വിധിയെ ശപിച്ചു കഴിയുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാടും കാട്ടാചാരങ്ങളും ജീവിത താളമാക്കിയവര്‍. ഈറ്റയും കാട്ടുകമ്പുകളും ചേര്‍ത്തു കെട്ടിയ കുടിലുകള്‍. ആക്രമിക്കാനെത്തുന്ന വന്യമൃഗങ്ങളെ പാട്ട കൊട്ടി ഭയപ്പെടുത്തി കാട് ചതിക്കില്ലെന്ന വിശ്വാസത്തില്‍ കഴിഞ്ഞുകൂടുന്ന ഭൂമിയുടെ അവകാശികള്‍. കോടാനുകോടികള്‍ തങ്ങളുടെ ഉന്നമനത്തിനായി പ്രതിവര്‍ഷം സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെന്ന സത്യം ഇവര്‍ക്കറിയില്ല. ഊരിലെത്താത്ത ഈ കോടികള്‍ ആരുടെ കീശയിലേക്ക് ഒഴുകുന്നുവെന്നും ഇവര്‍ക്ക് നിശ്ചയമില്ല. കോട്ടൂരില്‍ 27 ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. ഇതില്‍ വികസനം കണികാണാനാവാത്ത ഉള്‍വനത്തിലെ രണ്ട് ഊരുകളാണ് പാറ്റാംപാറയും അണകാലും. കോട്ടൂരില്‍ നിന്ന് 20 കിലോമീറ്റര്‍ ഉള്ളിലുള്ള കുന്നത്തേരി വരെയാണ് വാഹന പാതയുള്ളത്. പാറ്റാംപാറ സെറ്റില്‍മെന്റിലെത്താന്‍ വീണ്ടും അഞ്ച് കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കാല്‍നടയാത്ര വേണം. കഴിഞ്ഞ സര്‍ക്കാര്‍ 11 കോടിയുടെ വനപാത പദ്ധതി പ്രഖ്യാപിച്ചെങ്കിലും അത് എങ്ങുമെത്തിയില്ല. സൗജന്യ റേഷന്‍ പദ്ധതിയില്‍ ഊരിലുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ റേഷന്‍ സാധനങ്ങള്‍ ഇവര്‍ക്ക് ഇന്നും തീണ്ടാപ്പാടകലെ. ഊരില്‍ നിന്നു 10 കിലോമീറ്റര്‍ കാല്‍നടയാത്ര ചെയ്ത് മണ്ണാംകോണത്തോ, 25 കിലോമീറ്റര്‍ സഞ്ചരിച്ച് കോട്ടൂരിലോ എത്തിയാലേ റേഷന്‍ കടയുള്ളൂ. വിശപ്പ് താങ്ങാനാവാതെ കുട്ടികള്‍ അലമുറയിടുമ്പോള്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് ഇവരില്‍ ചിലര്‍ റേഷനു വേണ്ടി കാടിറങ്ങാറുണ്ട്. മിക്കപ്പോഴും അരിയും ഗോതമ്പുമില്ലെന്ന് കടക്കാരനില്‍ നിന്ന് മറുപടി കേട്ട് മടങ്ങേണ്ടി വരും. ഇതോടെ കാടുവിട്ടൊരു യാത്ര ചിന്തിക്കാതെ ഈ ഗോത്രവര്‍ഗക്കാര്‍ കായ്കനികളും കാട്ടു കിഴങ്ങുകളും ഭക്ഷിച്ച് കാട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയാണ് പതിവ്. കുറച്ച് വോട്ടുകളുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വേളകളില്‍ നേതാക്കള്‍ നക്കാപ്പിച്ചയും പിടിയരിയും ഫ്‌ളക്‌സ് ബോര്‍ഡുകളുമായി മലകയറിയെത്തുമെന്ന് പാറ്റാംപാറ ഊരിലെ പാറു കാണി പറയുന്നു. വിജയിച്ചാല്‍ കാടിനെ സ്വര്‍ഗ്ഗമാക്കുമെന്ന വാഗ്ദാനങ്ങളുടെ വാറോലകളും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങള്‍ അവരും തങ്ങളും മറക്കുമെന്ന് പാറു. നേതാക്കള്‍ വെളുക്കെ ചിരിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കിടക്ക വിരിയായും ചെറ്റക്കുടിലിന്റെ ചുവരായും കിട്ടുമെന്നതാണ് ആകെയുള്ള പ്രയോജനം.