ആരോഗ്യ ഇന്‍ഷുറന്‍സ്: അഞ്ചുലക്ഷം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തും

Monday 16 October 2017 10:12 pm IST

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി തുടങ്ങിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അടുത്തവര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. അഞ്ചുലക്ഷം കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്താനാണ് ലക്ഷ്യം. നിലവില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്. ഇത് 40 ലക്ഷമായി ഉയര്‍ത്തും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. നിലവില്‍ സൗജന്യ ചികിത്സ ലഭിക്കുന്നവര്‍ക്ക് പിന്നീടാണ് രജിസ്‌ട്രേഷന്‍. ആയിരം രൂപയോ അതില്‍ കുറവോ മാസ പെന്‍ഷന്‍ കിട്ടുന്ന ഇപിഎഫ് പെന്‍ഷന്‍കാര്‍, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇഎസ്‌ഐ ആനുകൂല്യമില്ലാത്തവര്‍ തുടങ്ങിയവരെ പുതുതായി ഉള്‍പ്പെടുത്തും. ബിപിഎല്‍ വിഭാഗത്തിന് പകരമായി ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന എഎവൈ (മഞ്ഞനിറം), മുന്‍ഗണന (പിങ്ക് നിറം) എന്നീ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരെയും വിവിധ ക്ഷേമനിധി തൊഴിലാളികളെയും പരിഗണിക്കും. ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക് 30,000 രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷം ലഭിക്കുക. കൂടാതെ, 60 വയസ്സിന് മുകളില്‍ പ്രായമുള്ള ഓരോ അംഗത്തിനും 30,000 രൂപയുടെ വീതം അധികചികിത്സാ സഹായവും കിട്ടും. ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, കാന്‍സര്‍, അപകടം മൂലമുള്ള ട്രോമാ കെയര്‍ എന്നിവയ്ക്ക് 70,000 രൂപയുടെ അധിക സൗജന്യ ചികിത്സയും ലഭിക്കും. അക്ഷയ, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍. പുതിയ റേഷന്‍ കാര്‍ഡ്, എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ്, തൊഴില്‍ വിഭാഗം-മറ്റുവിഭാഗം തെളിയിക്കുന്ന രേഖ, (അസ്സലും കോപ്പിയും), പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. കുടുംബത്തിലെ ഒരംഗം രേഖയുമായെത്തിയാല്‍ മതി. വീട്ടുജോലിക്കാര്‍, വഴിയോര കച്ചവടക്കാര്‍, അഗതി മന്ദിരത്തിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് ആവശ്യമായി വരുന്ന ഫോറങ്ങള്‍ക്ക് രണ്ടു രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.