മോഹന്‍ലാലും പറഞ്ഞു, ജീവിക്കാന്‍പേടിയെന്ന്

Tuesday 17 October 2017 1:57 pm IST

ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ വാലോ ചൂലോ അല്ല മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. അഞ്ചുവര്‍ഷം മുമ്പ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചിട്ടു-''ഇവിടെ ജീവിക്കാന്‍ പേടിയാകുന്നു.'' രാഷ്ട്രീയക്കാരും മതതീവ്രവാദികളും മാധ്യമവേട്ടക്കാരും സൃഷ്ടിക്കുന്ന ഭീതിയാണിത്. ഇരയെ നിശ്ചയിച്ച് വേട്ടയാടുകയാണ്. നടന്മാരെപ്പോലും പേടിപ്പെടുത്തുന്ന രീതിയാണ് ഇതൊക്കെ. ''സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ പോകാന്‍ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം'' എന്ന് കേരളത്തിലെ പാവപ്പെട്ടവരെക്കൊണ്ട് പാടിച്ച കാലമുണ്ടായിരുന്നു. സ്റ്റാലിന്‍ സോവ്യറ്റ് യൂണിയന്‍ ഭരിക്കുമ്പോഴാണ് ഇങ്ങനെ പാടിക്കൊണ്ടിരുന്നത്. അവിടെ എന്തു നടക്കുന്നു എന്ന് സത്യസന്ധമായി പുറംലോകത്തിനറിയാന്‍ പറ്റാത്ത കാലമായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ കഥാപാത്രമായിരുന്നു സ്റ്റാലിനെന്ന് പിന്നീട് എല്ലാവര്‍ക്കും ബോധ്യമായി. ലക്ഷക്കണക്കിന് പാവപ്പെട്ടവരെ കൊന്നൊടുക്കിയ നരാധമന്‍. പട്ടിണികൊണ്ട് ജനങ്ങള്‍ പിടഞ്ഞുമരിക്കുമ്പോഴും, ചോദ്യംചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവരെ കൂട്ടക്കൊല നടത്തുമ്പോഴും, ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഈ പാട്ടിന് താളപ്പിഴ പറ്റാതെ നേതാക്കള്‍ ശ്രദ്ധിച്ചു. പാര്‍ട്ടി സമ്മേളനങ്ങളില്‍ അലങ്കരിച്ച് മാല ചാര്‍ത്തി നേതാക്കള്‍ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്യുന്നത് ഈ ദുഷ്ടനെയാണല്ലോ എന്ന് സ്റ്റാലിന്റെ ചരിത്രം മനസ്സിലാക്കിയവര്‍ പിറുപിറുത്തു. ഒരു ഇന്ത്യന്‍ മഹാത്മാവിനെയും മാല ചാര്‍ത്തി പാര്‍ട്ടി ഓഫീസില്‍ തൂക്കാറില്ല. ഇന്ന് എകെജിയെപോലും. സോവ്യറ്റ് യൂണിയന്‍ തന്നെ സ്റ്റാലിനെ തള്ളിപ്പറയാന്‍ തുടങ്ങിയപ്പോള്‍ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ നെഞ്ചിലേറ്റിയിരുന്നു സ്റ്റാലിനെ. ലെനിനുശേഷം സ്റ്റാലിന്‍ ഭരണത്തിലെത്തിയ 30 വര്‍ഷം സോവ്യറ്റ് യൂണിയനില്‍ 'സ്റ്റാലിന്‍ യുഗ'മായിരുന്നു. 1956 ല്‍ സോവ്യറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസിലാണ് സ്റ്റാലിന്റെ ക്രൂരതയുടെ ചെപ്പ് ഒന്ന് ഇളക്കിനോക്കാന്‍ ക്രൂഷ്‌ചേവ് തയ്യാറായത്. സ്റ്റാലിന്‍ മരിച്ച് മൂന്നുവര്‍ഷം പിന്നിട്ടശേഷമാണ് സ്റ്റാലിന്റെ പൈശാചികത്വം പുറത്തുവരുന്നത്. ജനങ്ങളെ മാത്രമല്ല നേതാക്കളെയും അരിഞ്ഞുതള്ളുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തും സ്റ്റാലിനുണ്ടായിരുന്നില്ല. സ്റ്റാലിന് അസൗകര്യം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടവരെയാണ് കൊന്നുതീര്‍ത്തത്. കമ്മ്യൂണിസ്റ്റ് കേന്ദ്ര കമ്മറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട 139 പേരില്‍ 98 പേരെയും അറസ്റ്റ് ചെയ്തശേഷം വെടിവച്ചുകൊന്നു. 17-ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1966 പേരില്‍ 1108 പേരെ പ്രതിവിപ്ലവകാരികള്‍ എന്ന കുറ്റംചുമത്തി തുറുങ്കിലടച്ചു. ഇതൊന്നും വലിയ തെറ്റായി കാണാന്‍ ഇന്ത്യയിലെ പ്രതേ്യകിച്ച് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ ഒരുക്കമല്ല. സ്റ്റാലിനില്‍ നിന്ന് ഊര്‍ജം പേറുന്നവര്‍ക്കെങ്ങനെ പ്രതിയോഗികളെയും പ്രതി വിപ്ലവകാരിയെയും ഉള്‍ക്കൊള്ളാനാകും. അതുകൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായ ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയായി പ്രഖ്യാപിച്ച് 51 വെട്ടേല്പ്പിച്ച് കൊന്നത്. കംബോഡിയ ഭരിച്ച കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി പോള്‍പോട്ട് മൂന്നേമൂന്നു വര്‍ഷത്തിനകം കൂട്ടക്കുരുതി നടത്തിയത് ജനലക്ഷങ്ങളെയാണ്. ബുദ്ധമന്ത്രങ്ങളും പ്രാര്‍ഥനകളും മുഴങ്ങിയ പ്രദേശത്തെ പല കോമ്പൗണ്ടുകളിലും കൂട്ടത്തോടെ ആള്‍ക്കാരെ തള്ളിക്കൊണ്ടുവന്ന് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ലക്ഷക്കണക്കിനുപേരെ ആട്ടിപ്പായിക്കുകയും ചെയ്തു. ചെഗുവേരയുടെയും പ്രവര്‍ത്തനശൈലിയും കൊലപാതകങ്ങള്‍ തന്നെ. ചൈനയില്‍ മാവോസേത്തുങ്ങിനെ മാര്‍ക്‌സിസ്റ്റുകാര്‍ പുകഴ്ത്തി നടന്ന കാലമുണ്ടായിരുന്നു. സാംസ്‌കാരിക വിപ്ലവമെന്ന പേരില്‍ മാവോ ചെയ്തതും ഉന്മൂലനംതന്നെ. ലോകത്തില്‍ എവിടെയും പൈശാചികമായ പ്രവര്‍ത്തനം നടത്തിയവരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാര്‍ഗദര്‍ശികള്‍. അങ്ങനെയുള്ളവര്‍ക്ക് അത്തരക്കാരുടെ ദുഃസ്വഭാവങ്ങളുടെ സ്വാധീനമുണ്ടാകിതിരിക്കില്ല. എന്നുവച്ച് സര്‍വസ്വാതന്ത്ര്യങ്ങളെയും അടിച്ചമര്‍ത്തുന്നതും ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും അംഗീകരിക്കാനാകില്ല. അതിനുള്ള പോരാട്ടങ്ങളുടെ ഭാഗമാണ് ജനരക്ഷായാത്ര. ഇത് അവസാനിക്കുന്നില്ല. ആരംഭിച്ചിട്ടേയുള്ളൂ. ആറരപതിറ്റാണ്ടിനിടയില്‍ കമ്മ്യൂണിസ്റ്റുകാരാല്‍ അരിഞ്ഞുവീഴ്ത്തപ്പെട്ട നൂറുകണക്കിന് ആള്‍ക്കാരുടെ ആത്മാക്കള്‍ മാത്രമല്ല, വെട്ടും കുത്തുമേറ്റ് അവശരായി കഴിയുന്നവരുടെയും കുടുംബങ്ങളുടെയും ശക്തമായ പിന്തുണ ജനരക്ഷായാത്രയ്ക്കുണ്ടായി. സമാധാനം പുലരാന്‍ കൊതിക്കുന്ന കമ്മ്യൂണിസ്റ്റുകാരടക്കമുള്ള മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും ജനരക്ഷായാത്രയ്ക്കുണ്ടായി. പിന്നിട്ട പതിമൂന്ന് ദിവസവും യാത്രയില്‍ അണിനിരന്ന വമ്പിച്ച ജനാവലി അതിനുദാഹരണമാണ്. ആക്രമിക്കപ്പെടുന്നവരോടൊപ്പം രാജ്യം ഒന്നടങ്കമുണ്ടെന്നാണ് ദേശീയ നേതാക്കളുടെ പങ്കാളിത്തവും നിത്യവും ദല്‍ഹിയിലടക്കം നടന്ന മാര്‍ച്ചുകളും തെളിയിക്കുന്നത്. യാത്രയില്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു ഭീഷണിയാണ് ജിഹാദികളുടെ കേരളത്തിലെ മുന്നേറ്റം. തീവ്ര മതമൗലിക ഭീകരസംഘടനയായ എസ്ഡിപിഐ വേങ്ങരയില്‍ മൂന്നാം സ്ഥാനത്തെത്തി. അന്യമത വിദ്വേഷവും അക്രമവുമല്ലാതെ മറ്റൊരു പദ്ധതിയും ഇല്ലാത്ത സംഘടനയാണ് കേരളത്തിലെ ലൗജിഹാദിന് പിന്നിലുള്ളത്. ഇത് തിരിച്ചറിയാനോ മുന്‍കരുതലെടുക്കാനോ ഇടതോ വലതോ മുന്നണികള്‍ക്കാവുന്നില്ല. എസ്ഡിപിഐക്കും വോട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ മുന്നണികള്‍ ഇക്കൂട്ടരെ കൂടുതല്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയാണ് ബിജെപിയുടെ പ്രസക്തിയും ജാഗ്രതയും വര്‍ധിപ്പിക്കുന്നത്. തീവ്രവാദം ശക്തിപ്പെട്ട ഒരുസ്ഥലത്തും ജനാധിപത്യവും മതേതരത്വവും വ്യക്തി സ്വാതന്ത്ര്യംപോലും അനുവദിക്കുന്നില്ല. അതിന്റെയെല്ലാം ഓര്‍മപ്പെടുത്തലായി ജനരക്ഷായാത്ര എന്ന പ്രത്യേകതയുമുണ്ട്. യാത്ര സമാപിക്കുന്ന ഇന്നും തുടക്കത്തിലെന്ന പോലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എത്തുന്നുണ്ട്. കത്തിമുനകളെ കൂസാതെ പ്രവര്‍ത്തിക്കുന്ന ജനസഹസ്രങ്ങള്‍ക്ക് ഇത് കരുത്താകുക തന്നെ ചെയ്യും. (അവസാനിച്ചു)