ജിഹാദി-ചുവപ്പു ഭീകരതയ്‌ക്കെതിരെ പോരാട്ടം തുടരും: കുമ്മനം

Monday 16 October 2017 10:15 pm IST

തിരുവനന്തപുരം: സിപിഎം-ജിഹാദി ഭീകരതയ്‌ക്കെതിരെ നടത്തിയ ജനരക്ഷായാത്ര ജനമുന്നേറ്റയാത്രയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു യാത്ര എന്നതിലുപരി ജനങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്ന് അവരുടെ വികാരം പ്രകടിപ്പിക്കുന്ന വേദിയായി അതുമാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതുവരെ കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമെതിരെ ഇത്ര വലിയൊരു ജനമുന്നേറ്റം ഉണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനുമല്ലാതെ മറ്റാര്‍ക്കും ഇത്രവലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാകില്ലെന്ന അലിഖിത നിയമം പൊളിച്ചെഴുതുകയാണ് ജനരക്ഷായാത്രയിലൂടെ ബിജെപി ചെയ്തത്. രണ്ടിനും ബദലായി ജനകീയ ശക്തി കേരളത്തിലുണ്ടെന്നും ജനരക്ഷായാത്ര തെളിയിച്ചു. സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഇത്രയേറെ എതിര്‍പ്രചരണം നടത്തിയ മറ്റൊരു രാഷ്ട്രീയ യാത്രയും കേരളത്തിലുണ്ടായിട്ടില്ല. യാത്ര പരാജയമെന്നും ജനപങ്കാളിത്തമില്ലെന്നും കാറ്റുപോയെന്നും അമിത്ഷാ പേടിച്ചെന്നും വിലാപയാത്രയെന്നുമെല്ലാം ആക്ഷേപിച്ചു. എന്നാല്‍ ജനങ്ങള്‍ അതിനെയെല്ലാം പുച്ഛിച്ച് തള്ളുകയായിരുന്നു. കമ്മൂണിസ്റ്റുകളുടെയും കോണ്‍ഗ്രസ്സുകാരുടെയും കോട്ടകൊത്തളങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് ജനരക്ഷായാത്ര കടന്നു വന്നത്. അവര്‍ക്കാധിപത്യമുള്ള കേന്ദ്രങ്ങളില്‍നിന്ന് നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങള്‍ യാത്രയില്‍ അണിചേര്‍ന്നു. അവിടങ്ങളിലെല്ലാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വരവേല്‍പ്പാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യാത്ര വിജയിച്ചത്. സിപിഎം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രവര്‍ത്തിക്കാനനുവദിക്കാത്ത, തങ്ങളെ എതിര്‍ക്കുന്നവര്‍ക്കു നേരെ കൊലക്കത്തി പ്രയോഗിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൂടെ ആയിരങ്ങളെ അണിചേര്‍ത്താണ് യാത്ര കടന്നു വന്നത്. ഹര്‍ത്താല്‍ നടത്തിയും തെരുവ് വിളക്കുകളണച്ചും ഭീഷണിപ്പെടുത്തിയും പ്രചരണ സാമഗ്രികള്‍ തകര്‍ത്തും യാത്രയെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും വിജയംകണ്ടില്ല. കേന്ദ്ര മന്ത്രിമാരും എംപിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം കേരളത്തില്‍ സിപിഎമ്മും ജിഹാദികളും നടത്തുന്ന ഭീകരതക്കെതിരെ പ്രതികരിക്കാന്‍ നിരവധി പ്രമുഖരെത്തി. അവരെല്ലാം ജനരക്ഷാ യാത്രക്കൊപ്പം ചേര്‍ന്ന് പദയാത്രയില്‍ പങ്കെടുത്തു. ഒരോ സംസ്ഥാനത്തു നിന്നും ഓരോ ദിവസവും നൂറുപേര്‍ വീതം യാത്രക്കൊപ്പം ചേര്‍ന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണ രാജ്യത്തെ എല്ലാഭാഗത്തു നിന്നും ലഭിച്ചു. രാജ്യത്തെ 11 കോടി ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ ഭീകരതയ്ക്കിരകളാകുന്നവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണവര്‍ നല്‍കിയത്. എല്ലാ സംസ്ഥാനങ്ങളിലും പിന്തുണ അര്‍പ്പിച്ച് പ്രകടനങ്ങള്‍ നടന്നു. ദില്ലിയില്‍ സിപിഎം ഓപീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിലെ സിപിഎം-ജിഹാദി ഭീകരതക്കെതിരെ രംഗത്തു വരികയായിരുന്നു ഈ യാത്രയിലൂടെ. ഓരോ ദിവസത്തെയും സമ്മേളനത്തില്‍ വീരബലിദാനികളുടെ കുടുംബങ്ങളെ ആദരിച്ചു. ബലിദാനികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് എല്ലാ ദിവസവും യാത്ര ആരംഭിച്ചത്. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ഉദ്ഘാടകനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെയാണ് വീണ്ടുമെത്തുന്നത്. ഈ പോരാട്ടത്തിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണ്. യാത്ര സമാപിക്കുമ്പോള്‍ ചരിത്രപരമായ കര്‍ത്തവ്യത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണമാണ് സംഭവിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. യാത്ര അവസാനിക്കുന്നെങ്കിലും പോരാട്ടം തുടരുകയാണ്. കേരളത്തില്‍ നിന്ന് ജിഹാദികളെയും ചുവപ്പു ഭീകരരെയും തുരത്തുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.