ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറാന്‍ എതിരാളികള്‍ മെക്‌സിക്കോ

Monday 16 October 2017 10:36 pm IST

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറാന്‍ ഇന്ന് ബൂട്ടുകെട്ടുന്നു. എതിരാളികള്‍ മെക്‌സിക്കോ. ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്ന് കളികളും ജയിച്ച് 9 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഇറാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. വൈകിട്ട് 5ന് കിക്കോഫ്. ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമാണ് അവരുടെ കൈമുതല്‍. ജര്‍മ്മനിക്കെതിരെ 4-0നാണ് ഇറാന്‍ ജയം നേടിയത്. ഒപ്പം മറ്റ് ടീമുകളായ കോസ്റ്ററിക്കയെയും ഗിനിയയെയും തകര്‍ത്തു. മൂന്ന് കളികളില്‍ നിന്ന് 10 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. അത് ഗിനിയക്കെതിരെ. രണ്ട് ഗോള്‍ വീതം നേടിയ അലഹ്യാര്‍ സയദ്, യൂനസ് ഡെല്‍ഫി എന്നിവരാണ് ടീമിന്റെ വജ്രായുധങ്ങള്‍. അതിവേഗത്തിലുള്ള പ്രത്യാക്രമണവും ശക്തമായ പ്രതിരോധനിരയുമാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ പ്ലേ മേക്കറായി മുഹമ്മദ് ഷരിഫി, അമിര്‍ ഹൊസൈന്‍, മുഹമ്മദ് ഖദ്ദേരി, ക്യാപ്റ്റന്‍ മുഹമ്മദ് ഘൊബെയ്ഷാഹി എന്നിവരും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ഇയില്‍ പ്രാഥമിക റൗണ്ട് കളിച്ച മെക്‌സിക്കോ രണ്ടു സമനിലയുടെ ബലത്തില്‍ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ കളിയില്‍ ഇറാഖിനോട് 1-1 ന്റെ സമനില. 3-2 ന് ഇംഗ്ലണ്ടിനോട് തോല്‍വി. മൂന്നാമത്തെ കളിയില്‍ ചിലിയോട് ഗോള്‍രഹിത സമനില. കളിയില്‍ ആകെ മൂന്ന് ഗോളടിച്ചപ്പോള്‍ വഴങ്ങിയത് നാലെണ്ണം. രണ്ട് ഗോള്‍ നേടിയ മധ്യനിരതാരം ഡീഗോ ലൈനസ് ആണ് ടോപ് സ്‌കോറര്‍. രണ്ട് തവണ ചാമ്പ്യന്മാരാവുകയും ഒരിക്കല്‍ റണ്ണേഴ്‌സപ്പാവുകയും ചെയ്ത മെക്‌സിക്കോ ഇത്തവണ പേരിനൊത്ത പ്രകടനം ഒരു മത്സരത്തിലും നടത്തിയില്ല. ജെയ്‌റോ ടോറസ്, ഡാനിയേല്‍ ലോപ്പസ്, റോബര്‍ട്ടോ റോസ എന്നിവരാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെല്ലാം ഇവര്‍ ഷൂട്ടിങ്ങില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. മധ്യനിരയില്‍ ലൈനസിനൊപ്പം മാര്‍ക്കോ റൂയിസ്, അലക്‌സിസ് ഗ്വിറ്റരസ്, ആന്ദ്രെ പെരസ് എന്നിവര്‍ മികച്ച കളി കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അപാര ഫോമിലുള്ള ഇറാനെതിരെ കൈമെയ് മറന്ന് പൊരുതിയാലേ അവര്‍ക്ക് ക്വാര്‍ട്ടര്‍ സ്വപ്‌നം സഫലമാവുകയുള്ളൂ. ഇറാന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടാനും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. തുടര്‍ച്ചയായ നാലാം ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മെക്‌സിക്കോയും ആദ്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വപ്‌നം കണ്ട് ഇറാനും ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പൊടിപാറും കളി നടക്കുമെന്ന് ഉറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.