നിയമം ലംഘിച്ച് യൂണിവേഴ്‌സിറ്റി കോളേജില്‍ ഫ്‌ളക്‌സ്

Monday 16 October 2017 10:51 pm IST

ആര്‍എസ്എസിനെയും ബിജെപിയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട്
യൂണി. കോളേജില്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ്‌

തിരുവനന്തപുരം: കോളേജുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ എസ്എഫ്‌ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ്.

ജനരക്ഷായാത്രയ്ക്കു നേരെ അക്രമം നടത്താനെന്നോണം കോളേജിന് മുന്നിലായി ആര്‍എസ്എസ്സിനെ നിരോധിക്കുക എന്ന ഫ്‌ളക്‌സ് ബോര്‍ഡ് എസ്എഫ്‌ഐ നിയമം ലംഘിച്ച് സ്ഥാപിച്ചു. ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും പദയാത്രയായി പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെയാണ്.

യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിധിയില്‍ വരുന്ന കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ രണ്ടാമത്തെ നിലയിലാണ് എസ്എഫ്‌ഐ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് കാട്ടി അധ്യാപകര്‍ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളെ സമീപിച്ചെങ്കിലും ബോര്‍ഡ് മാറ്റാന്‍ തയ്യാറായിട്ടില്ല. ഫ്‌ളക്‌സ് ബോര്‍ഡ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പോലീസിന് അറിയാമായിരുന്നിട്ടും ബോര്‍ഡ് നീക്കം ചെയ്യാന്‍ പോലീസും തയ്യാറാകുന്നില്ല.

ബിജെപി യാത്ര കടന്നുപോകുന്ന ദിവസം പ്രവൃത്തി ദിവസമായതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളോടും മറ്റ് കോളേജിലെ എസ്എഫ് വിദ്യാത്ഥികളോടും യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിച്ചേരണമെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി എസ്എഫ്‌ഐ നേതാക്കള്‍ സന്ദേശം പ്രചരിപ്പിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്ത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് മുന്നോടിയായി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചെന്നും പൂലര്‍ച്ചെ വന്‍ സ്‌ഫോടന ശബ്ദം കേട്ടതായും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചിരുന്നു. ബോംബിന്റെ വീര്യം പരിശോധിക്കാനാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എറണാകുളം മഹാരാജാസിലും എസ്‌ഫെ്‌ഐ ഇത്തരത്തില്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ എബിവിപി പ്രവര്‍ത്തിക്കുന്ന കലാലയമായതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അധികൃതര്‍ യാത്ര എത്തുന്നതിന് മുമ്പ് അതു നീക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.