ലൗജിഹാദ് ഇരകള്‍ ജീവനൊടുക്കിയ സംഭവം; അമ്പലപ്പുഴ കേസില്‍ വിസ്താരം തുടങ്ങി

Monday 16 October 2017 10:54 pm IST

                                അനില , വേണി , ജൂലി

ആലപ്പുഴ: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ആദ്യ ലൗജിഹാദ് എന്ന് വിശേഷിപ്പിക്കാവുന്ന അമ്പലപ്പുഴ കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. പ്രണയം നടിച്ച് പീഡനത്തിനിരയായ മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷി വിസ്താരം തുടങ്ങിയത് കഴിഞ്ഞ മാസം 18നാണ്. അടുത്ത മാസം 17 വരെയാണ് വിസ്താരം.

കേസില്‍ 107 സാക്ഷികളാണുള്ളത്. ഇതില്‍ 21 പേരെയാണ് ഇന്നലെ വരെ വിസ്തരിച്ചതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടി അറിയിച്ചു. 2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ ജൂലി വര്‍ഗീസ്(17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവരെ ക്ലാസ്മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികള്‍.

വിദ്യാലയത്തിലെ ആദ്യ ലൗജിഹാദെന്ന് പറയാവുന്ന സംഭവത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും മതതീവ്രവാദ ശക്തികളുടെയും ഇടപെടല്‍ കേസന്വേഷണത്തെ തുടക്കം മുതല്‍ തന്നെ പിന്നോട്ടടിച്ചിരുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കി സഹപാഠികള്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു, പിന്നീട് പീഡനം പതിവാകുകയും, മറ്റു പലര്‍ക്കും വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ ഇവര്‍ ജീവനൊടുക്കുകയുമായിരുന്നു.

അന്നത്തെ ഒരു മന്ത്രിയുടെ ഓഫീസിലെ പ്രമുഖരും, ചില സിപിഎം നേതാക്കളും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായി തന്നെ ഇടപെട്ടതിനാല്‍ ലോക്കല്‍ പോലീസ് അന്വേഷണം വഴിമുട്ടി. പിന്നീട് ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവരെക്കൂടാതെ മറ്റു ചിലരും പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്നെങ്കിലും അവരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് സംരക്ഷിച്ചു.

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസിന് സമാനമായി പെണ്‍കുട്ടികളെ പീഡിപ്പിച്ച് പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ കടലില്‍ കളഞ്ഞെന്നായിരുന്നു പ്രതികളുടെ മൊഴി. കേസിലെ പ്രധാന സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതും കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ സ്ഥലം മാറ്റവുമൊക്കെയാണ് കേസ് വൈകാന്‍ കാരണം.