കോണ്‍ഗ്രസ് സഹകരണം; യെച്ചൂരിയെ തള്ളി കേന്ദ്ര കമ്മിറ്റി

Monday 16 October 2017 11:20 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹകരണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യത്തിന് തിരിച്ചടി. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. ഭരണവര്‍ഗ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും പാടില്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തിന് കമ്മിറ്റിയില്‍ മേല്‍ക്കൈ. കാരാട്ടിന്റെ നിലപാട് അടിസ്ഥാനമാക്കി അടുത്ത പോളിറ്റ് ബ്യൂറോ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയാറാക്കും. ഇതോടൊപ്പം യെച്ചൂരിയുടെ നിലപാടുകളും പരിഗണിക്കും. അക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഒത്തുതീര്‍പ്പുണ്ടായി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും വിഷയത്തില്‍ അന്തിമ നിലപാട് രൂപീകരിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. നേരത്തെ പോളിറ്റ് ബ്യൂറോയും യെച്ചൂരിയുടെ കോണ്‍ഗ്രസ് സഹകരണ സിദ്ധാന്തം തള്ളിയിരുന്നു. എന്നാല്‍, തന്റെ നിലപാട് തള്ളിയെന്ന വാദം യെച്ചൂരി നിഷേധിച്ചു. ഏതെങ്കിലും നിലപാട് തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ല. ചര്‍ച്ചകള്‍ നടക്കുന്നു. എല്ലാ സാധ്യതകളും തുറന്നു കിടക്കുകയാണ്, അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് യെച്ചൂരിക്കൊപ്പമുള്ള ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. അടുത്ത ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചകള്‍ക്കായി നല്‍കും. കേന്ദ്ര നേതൃത്വത്തിലെ യെച്ചൂരി-കാരാട്ട് വിഭാഗീയതയാണ് ഇപ്പോഴത്തെ 'ആശയ' സംഘട്ടനങ്ങളുടെ യഥാര്‍ത്ഥ കാരണം. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുകയെന്ന സമീപനം കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ഇത് മറികടന്നാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ കോണ്‍ഗ്രസ് സഹകരണം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് കാരാട്ട് പക്ഷം ആയുധമാക്കി. തൃണമൂലിനും ബിജെപിക്കുമിടയില്‍ തകര്‍ന്നടിഞ്ഞ ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമാണ്. വിഎസ് ഒഴികെയുള്ള കേരള ഘടകം കാരാട്ടിനൊപ്പവും. അപ്രതീക്ഷിതമായി ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരിക്ക് തോമസ് ഐസക്കിന്റെ പിന്തുണയും ലഭിച്ചു. വിഎസ്-പിണറായി പോരില്‍ പിണറായിക്കൊപ്പം നിന്നതും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്നതും കാരാട്ടിനെ പിന്തുണയ്ക്കാന്‍ കേരള ഘടകത്തെ നിര്‍ബന്ധിതരാക്കുന്നു. രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പുറത്താക്കിയ തീരുമാനത്തിനും കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. കാരാട്ടിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ച ബംഗാളില്‍ നിന്നുള്ള ഗൗതം ദേവിനെ ശാസിക്കാനും തീരുമാനം. രണ്ടാഴ്ചയോളം ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ ബിജെപിയുടെ നടപടിയെ യെച്ചൂരി അപലപിച്ചു. ഇന്ന് ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് നടത്തും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.