ഐഎന്‍എസ് കില്‍താണ്‍ നാവികസേനയില്‍

Monday 16 October 2017 11:27 pm IST

വിശാഖപട്ടണത്ത് നടന്ന ചടങ്ങില്‍ ഐഎന്‍എസ് കില്‍താണ്‍ നാവികസേനയ്ക്ക് സമര്‍പ്പിച്ച ശേഷം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കപ്പലിന്റെ സാങ്കേതിക കാര്യങ്ങള്‍ ചോദിച്ചറിയുന്നു.നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാമ്പ സമീപം

ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് കില്‍താണ്‍ ഇനി നാവികസേനയുടെ ഭാഗം. അപകടകാരികളായ അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. വിശാഖപട്ടണം നാവിക ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കപ്പല്‍ നാവികസേനയ്ക്ക് സമര്‍പ്പിച്ചു.

കപ്പല്‍ പടിഞ്ഞാറന്‍ തീരത്ത് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളില്‍ വിന്യസിക്കാനാണ് നാവികസേനയുടെ തീരുമാനം. കൊച്ചി നാവിക ആസ്ഥാനത്തിനു കീഴിലാകും പ്രവര്‍ത്തനം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ഈ യുദ്ധക്കപ്പല്‍.

ഭാരമേറിയ ടോര്‍പിഡോ മിസൈലുകള്‍, അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലുകളെ നശിപ്പിക്കാനുള്ള റോക്കറ്റുകള്‍, അന്തര്‍വാഹിനികളെ കണ്ടെത്തുന്ന സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ പ്രത്യേകതകളാണ്. നാവികസേനയുടെ കമോര്‍ത ക്ലാസ് വിഭാഗത്തില്‍ പെടുന്ന കില്‍താണിന്റെ നിര്‍മാണച്ചെലവ് 7,800 കോടി രൂപ. കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ആണ് നിര്‍മാതാക്കള്‍.

കാര്‍ബണ്‍-ഫൈബര്‍ മിശ്രണം ഉപയോഗിച്ചതിനാല്‍ മറ്റു കോര്‍വെറ്റ് ക്ലാസ് കപ്പലുകളേക്കാള്‍ നൂറു ടണ്ണോളം ഭാരം കുറവ്. മണിക്കൂറില്‍ 46.3 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന കപ്പലിന് 6389.4 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. പ്രൊപ്പല്ലറുകളുടെ ശബ്ദം കുറവായതിനാല്‍ ശത്രു രാജ്യങ്ങളുടെ അന്തര്‍വാഹിനികള്‍ക്ക് കണ്ടെത്താല്‍ പ്രയാസമാകും. ഇരുനൂറോളം സൈനികര്‍ കപ്പലിലുണ്ടാകും.

ഐഎന്‍എസ് കില്‍താണ്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും നാവികസേനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാമ്പ, കിഴക്കന്‍ നാവിക കമാന്‍ഡ് മേധാവി എച്ച്.എസ്. ബിഷ്ത് എന്നിവര്‍ നീറ്റിലിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.