താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: പാകിസ്ഥാന്‍

Tuesday 17 October 2017 9:28 am IST

ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം തുടരുന്നതിനിടെ ഭീകരസംഘടനയായ അഫ്ഗാന്‍ താലിബാനുമായി പാകിസ്ഥാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് താലിബോനോടു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. അത് സംബന്ധിച്ച് ഔദ്യോഗികമായി താലിബാന്‍ നേതൃത്വത്തിന് സന്ദേശം കൈമാറിയതായി താലിബാന്റെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് 'ദ് ഡെയ്ലി ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സന്ദേശം കൈമാറിയതിനെ കുറിച്ച് പ്രതികരിക്കാന്‍ താലിബാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലും താലിബാന്‍ നേതാക്കളുമൊത്ത് പാക്കിസ്ഥാന്റെ ഉന്നതതല നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളാകാനുള്ള പാക്കിസ്ഥാന്റെ ക്ഷണത്തെ അന്ന് താലിബാന്‍ തള്ളുകയായിരുന്നു. തൊട്ടടുത്ത മാസം തന്നെ തങ്ങളുടെ പുതിയ ആക്രമണ രീതിയെപ്പറ്റിയുള്ള വിവരങ്ങള്‍ താലിബാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണയും ചര്‍ച്ചകള്‍ക്കു തയാറായില്ലെങ്കില്‍ പാക്കിസ്ഥാനു കനത്ത നടപടികളിലേക്കു കടക്കേണ്ടി വരുമെന്നാണു സൂചന. അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രതലത്തില്‍ പരിഹാരത്തിനു ശ്രമം നടക്കുമ്പോഴാണ് സമാധാനത്തിനു വേണ്ടി ഇടപെടാന്‍ പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ശക്തമായത്. അഫ്ഗാനിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മ(ക്യുസിജി)യുടെ യോഗം തിങ്കളാഴ്ച മസ്‌കറ്റില്‍ നടന്നിരുന്നു. യോഗത്തില്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാകിസ്ഥാനോട് ക്യുസിജി യോഗം ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ മുല്ല അക്തര്‍ മന്‍സൂറിന്റെ മരണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ കൂട്ടായ്മയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയെന്നാണു പാക്കിസ്ഥാന്‍ സംഭവത്തെപ്പറ്റി പറഞ്ഞത്. ഇപ്പോള്‍ അമേരിക്ക തന്നെയാണ് താലിബാനുമൊത്തുള്ള ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തത്. പാക്ക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മസ്‌കറ്റിലെത്തിയിരിക്കുന്നത്. താലിബാന്റെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കു മാത്രമല്ലെന്നും എല്ലാ ക്യുസിജി രാജ്യങ്ങളും അതിനു ശ്രമിക്കണമെന്നും പാക്കിസ്ഥാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ താലിബാന്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയാണ്. തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ ഇടപെടല്‍.