ശാന്തസമുദ്രത്തില്‍ കപ്പല്‍ മുങ്ങി കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി

Tuesday 17 October 2017 10:38 am IST

ന്യൂദല്‍ഹി: ഫിലിപ്പൈന്‍സിനു സമീപം ശാന്തസമുദ്രത്തില്‍ ചരക്കു കപ്പല്‍ മുങ്ങി കാണാതായ 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കപ്പലില്‍ 26 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ കാണാതായതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. തെരച്ചിലിനായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും രണ്ട് കപ്പലുകളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു. ഇന്ത്യന്‍ നാവിക സേനയുടെ പി81 കപ്പല്‍ മനിലയില്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ കപ്പല്‍ തെരച്ചില്‍ നടത്തുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പല്‍ മുങ്ങി പതിനാറ് ഇന്ത്യാക്കാരെ കാണാതായത്. 26 ജീവനക്കാരില്‍ 15 പേരെ സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ രക്ഷിച്ചതായി ജപ്പാന്‍ തീരരക്ഷാ സേനാ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊടുങ്കാറ്റാണ് അപകട കാരണമെന്ന് കരുതുന്നു. ഫിലിപ്പൈന്‍സിന് 280 കിലോമീറ്റര്‍ കിഴക്കു മാറിയാണ് 33,205 ഭാരമുള്ള കപ്പല്‍ മുങ്ങിയത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ വടക്കന്‍ ഫിലിപ്പൈന്‍സിന്റെ കിഴക്കു വച്ചാണ് കൊടുങ്കാറ്റില്‍ പെട്ടത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി നിലയിലായിരുന്നു.