ആത്മാവിന്റെ സങ്കീര്‍ത്തനം

Tuesday 17 October 2017 10:53 am IST

എഴുത്തിന്റെ ഗ്രാമ വഴിയില്‍ പൂക്കുന്ന കാട്ടുതൃത്താവില്‍നിന്നും സങ്കീര്‍ത്തനത്തിന്റെ കുന്തിരിക്കവും മീറയും പുകയുന്ന അള്‍ത്താരയിലെത്തുന്ന ഒരെഴുത്തുകാരന്റെ ആന്തരിക സമ്പൂര്‍ണ്ണതയാണ് പെരുമ്പടവം ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ അനുഭവിക്കുന്നതെന്നു തോന്നുന്നു. നൂറാം പതിപ്പും ഒരുലക്ഷം കോപ്പിയുമായി പ്രസാധന രംഗത്തും വായനയുടെ തട്ടകത്തിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ നോവല്‍. വലിയ എഴുത്തുകാരുടെ പ്രശസ്തമായ നോവല്‍പോലും പതിറ്റാണ്ടുകള്‍കൊണ്ട് പതിനായിരവും ഇരുപത്തയ്യായിരവും കോപ്പിയിലധികം പോകാത്തിടത്താണ് 24 വര്‍ഷംകൊണ്ട് സങ്കീര്‍ത്തനം ലക്ഷം കോപ്പിവരെ ആയിത്തീര്‍ന്നത്. ഇക്കാര്യത്തില്‍ കിടപിടിക്കുന്നത് ബന്യാമിന്റെ ആടുജീവിതം മാത്രമാണ്. ഈ നോവലും നൂറ് പതിപ്പു കഴിഞ്ഞു. 1993 ലാണ് ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ചത്. ലോക നോവല്‍ രംഗത്തെ ഇതിഹാസമായ ദെസ്തയേവ്‌സ്‌ക്കിയുടെ ജീവിതത്തിലെ സന്ദിഗ്ധ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് ഒരു സങ്കീര്‍ത്തനം പോലെ. പട്ടിണി, ദാരിദ്യം, രോഗം, ചൂതാട്ടം തുടങ്ങിയ ആന്തരികവും ബാഹ്യവുമായ വേദനാമുറിവുകളിലൂടെ ജീവിതം പ്രതിസന്ധിയായിത്തീരുമ്പോഴും അന്നയുടെ സ്‌നേഹമസൃണമായ സാന്നിധ്യത്തിന്റെ കുളിര് മഹാനായ ഈ എഴുത്തുകാരനെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കുന്നുവെന്നതിന്റേയുംകൂടി അടയാളപ്പെടുത്തലാണിത്. സങ്കീര്‍ത്തനം എഴുതിക്കൊണ്ടിരിക്കുമ്പോഴും പൂര്‍ത്തിയായശേഷവും പെരുമ്പടവം അനുഭവിച്ച മാനസികമായ പിരിമുറുക്കങ്ങളുടെ തട്ടുകള്‍ തന്നെ മറ്റൊരു നോവലിനു വേണമെങ്കില്‍ പ്രമേയമാകാം. അതുകൊണ്ടാവാം മലയാളത്തില്‍ പിന്നീട് പ്രചാരംനേടിയ ശൈലി , ആത്മാവില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന് പെരുമ്പടവം തന്റെ ഈ രചനയെക്കുറിച്ച് വൈകാരികമായി പറഞ്ഞത്. മനുഷ്യ മനസിന്റെ ആശങ്കകളും വ്യാകുലതകളും ആത്മീയ ഹര്‍ഷമായി മാറുന്ന തിരുമുറിവുകള്‍ ഈ കൃതിയുടെ മനോഹാരിതയാണ്. മറ്റൊരെഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമാക്കി രചിച്ച നോവല്‍ മലയാളത്തില്‍ അപൂര്‍വം എന്ന നിലയിലും കാവ്യഭാഷയുടെ അചുംബിത ലാവണ്യം കൊണ്ട് വ്യത്യസ്തവുമായത് എന്നതിനാലും സങ്കീര്‍ത്തനം വായനയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. വിവിധ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍ വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അഭയം, ജലഹോമം, അന്തിവെയിലിലെ പൊന്ന്, അഷ്ടപദി, ആയില്യം, പിന്നേയും പൂക്കുന്ന കാട്, സര്‍പ്പക്കാവ്, കാല്‍വരിയിലേക്കു വീണ്ടും, ഒരു കീറ് ആകാശം തുടങ്ങി നിരവധി നോവലുകളും 12 തിരക്കഥകളും എഴുതിയ പെരുമ്പടവത്തിന്റെ മാസ്റ്റര്‍ പീസ് എന്നറിയപ്പെടുന്നത് ഒരു സങ്കീര്‍ത്തനം പോലെയാണ്. ആത്മാവു തന്നെ സങ്കീര്‍ത്തനമാറുന്നതായി വായനക്കാരനു തോന്നാം.