അഡ്വ. ഉദയഭാനുവിന്റെ ഓഫീസിലും വീട്ടിലും പരിശോധന

Wednesday 18 October 2017 1:13 am IST

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ വി.എ. രാജീവ് കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ ഓഫീസിലും വീട്ടിലും പോലീസ് പരിശോധന. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപമുള്ള ഓഫീസിലും തൃപ്പൂണിത്തുറയിലെ വീട്ടിലുമാണ് ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയത്. രാജീവ് കൊലക്കേസില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉദയഭാനുവിനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ കോടതി പോലീസിന് അനുമതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനാണ് ചാലക്കുടിയില്‍ നിന്നെത്തിയ പോലീസ് സംഘം പരിശോധന നടത്തിയത്. ഉദയഭാനുവിനെ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. ചാലക്കുടി പരിയാരം തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ സെപ്തംബര്‍ 29നാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തട്ടിക്കൊണ്ടുപോകലില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഹൈക്കോടതിയിലും രാജീവ് പരാതി നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ ഒന്നുമുതല്‍ ആറുവരെ പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദയഭാനുവും ഒന്നാം പ്രതിയുമായി സംഭവദിവസം ഏഴുതവണ മൊബൈല്‍ഫോണില്‍ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തില്‍ ലഭിച്ച മുഴുവന്‍ കാര്യങ്ങളും പോലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.