നേതാക്കളുടെ സത്യവാങ്മൂലം വെറുതെയായി; ഹര്‍ത്താലില്‍ അണികള്‍ അഴിഞ്ഞാടി

Tuesday 17 October 2017 11:02 am IST

പരപ്പനങ്ങാടി: ഹര്‍ത്താല്‍ ദിനത്തില്‍ ചമ്രവട്ടം-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റൂട്ടില്‍ രാവിലെ കെഎസ്ആര്‍ടിസി ബസുകളും ലോ ഫ്‌ളോര്‍ ബസുകളും സര്‍വീസ് നടത്തിയെങ്കിലും ഒമ്പതു മണിയോടെ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. പരപ്പനങ്ങാടിയിലും കൂട്ടുമൂച്ചിയിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. സ്‌കൂള്‍ ബസുകളും മരണവീട്ടിലേക്കുളള വാഹനങ്ങള്‍ കൂടി തടഞ്ഞതോടെ ജനങ്ങള്‍ പെരുവഴിയിലായി. ഡിസിസി നേതാക്കളടക്കമുള്ളവരാണ് കൂട്ടുമൂച്ചിയില്‍ വാഹനങ്ങള്‍ തടയാന്‍ നേതൃത്വം നല്‍കിയത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയെങ്കിലും നോക്കി നിന്നതല്ലാതെ ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാന്‍ യാതൊരു ശ്രമവും നടത്തിയില്ല. ഉച്ചക്ക് ഒരുമണി വരെ റോഡ് ഉപരോധം തുടര്‍ന്നു. നാമമാത്രമായ ഹര്‍ത്താലനുകൂലികളുടെ പേക്കൂത്തുകള്‍ പോലീസ് നോക്കി നിന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എടപ്പാളില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാഹനങ്ങള്‍ തടയുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ എടപ്പാള്‍ പുള്ളുവന്‍പടിയില്‍ കെഎസ്ആര്‍ടിസി ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞുതകര്‍ത്തു. നിര്‍ബന്ധിച്ച് കടകളടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇന്നലെ ജില്ലയിലുടനീളം അരങ്ങേറിയത്. യുഡിഎഫ് ഹര്‍ത്താലായിരുന്നെങ്കിലും ലീഗുകാര്‍ രംഗത്തില്ലായിരുന്നു. ഇത് യുഡിഎഫ് സംവിധാനത്തിന്റെ പടലപ്പിണക്കങ്ങള്‍ വെളിവാക്കുന്നതായി മാറി. നേതാക്കള്‍ കൂട്ടത്തോടെ സരിത കേസില്‍പ്പെട്ടതിന്റെ ജാള്യത മറക്കാനാണ് പ്രാദേശിക കോണ്‍ഗ്രസുകാര്‍ ഇന്നലെ തെരുവിലിറങ്ങിയതെന്നാണ് പൊതുജനാഭിപ്രായം.