ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍; ഹൈക്കോടതി റിേപ്പാര്‍ട്ട് തേടി

Wednesday 18 October 2017 12:42 am IST

കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ മാത്രം എന്തുകൊണ്ടാണിത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഈ കേസുകളിലെ അന്വേഷണ വിവരങ്ങള്‍ വ്യക്തമാക്കി 25ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി 30ന് പരിഗണിക്കും. കണ്ണൂരില്‍ താരതമ്യേന കൊലപാതകങ്ങള്‍ കുറവാണെന്നും കുടുംബ വഴക്കുമായി ബന്ധപ്പെട്ട കൊലക്കേസുകളെ ഹര്‍ജിയില്‍ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു.സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല. നാലു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇരകളുടെ ബന്ധുക്കള്‍ അന്വേഷണത്തെക്കുറിച്ച് പരാതി നല്‍കിയിട്ടില്ലെന്നും എജി ബോധിപ്പിച്ചു. ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം പാലിക്കുമെന്ന് സിബിഐയും അസി. സോളിസിറ്റര്‍ ജനറലും അറിയിച്ചു. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് ഹര്‍ജി നല്‍കിയത്.