വ്യാജ വാര്‍ത്ത: 'ദ വയറി'ന് വിലക്ക്

Tuesday 17 October 2017 11:45 am IST

  അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രം 'ദ വയറി'ന് വിലക്ക്. അഹമ്മദബാദ് സിവില്‍ കോടതിയുടേയാണ് ഉത്തരവ്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ  ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ജയ് രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച 'ദ വയറി'നെതിരെ നൂറ് കോടി രൂപയാവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് വാര്‍ത്തയെന്ന് ജയ് ഷാ വ്യക്തമാക്കി. അച്ഛന്റെ രാഷ്ട്രീയ സ്വാധീനമാണ് തന്റെ ബിസിനസിലെ വിജയത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയാണ്. നിയമപരമായി നികുതിയടച്ചും നിബന്ധനകള്‍ പാലിച്ചുമാണ് ബിസിനസ് ചെയ്യുന്നത്. ബാങ്കിടപാടുകളും മറ്റ് രേഖകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകമെന്നും ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അഹമ്മദബാദ് സിവില്‍ കോടതിയുടെ ഉത്തരവിനെതിരെ 'ദ വയര്‍ അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്നും ഇതു സംബന്ധിച്ച് മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദി വയര്‍ അധികൃതര്‍ അറിയിച്ചു. ജയ് ഷായുടെ അഭിഭാഷകന്‍ അയച്ച ഉത്തരവ് തിങ്കളാഴ്ചയാണ് ലഭിച്ചതെന്ന് വയര്‍ വിശദീകരിച്ചു.