ദിശ തെറ്റിക്കുന്ന ബോര്‍ഡുകള്‍ക്ക് മാറ്റമില്ല

Tuesday 17 October 2017 2:17 pm IST

കുന്നത്തൂര്‍: യാത്രക്കാരെ വഴിതെറ്റിയ്ക്കുന്ന ദിശാസൂചകബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് പുല്ലുവില. പിഡബ്ലൂഡി ശാസ്താംകോട്ട റോഡ് സെക്ഷന്റെ പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളിലാണ് സ്വകാര്യവിദ്യാഭ്യാസ സ്ഥാപനം തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ദിശകളും തെറ്റായ ദൂരവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇതേകുറിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് തെറ്റായ ബോര്‍ഡുകള്‍ നീക്കാന്‍ കരുനാഗപ്പള്ളി റോഡ് ഡിവിഷന്‍ എഎക്‌സ്ഇ ശാസ്താംകോട്ട എഇയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥാപിച്ചവരോട് ബോര്‍ഡ് നീക്കാന്‍ ആവശ്യപ്പെടനും അല്ലാത്തപക്ഷം പിഡബ്ല്യൂഡി സ്വന്തം നിലയ്ക്ക് മാറ്റാനുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം നല്‍കി മാസം ഒന്നായിട്ടും നടപ്പിലായില്ല. യാത്രക്കാരെ വലയ്ക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തത് സ്വകാര്യസ്ഥാപനത്തോടുള്ള വിധേയത്വം കാരണമാണെന്ന് ആക്ഷേപമുയര്‍ന്നു.