നൂറ്റാണ്ടോളം പഴക്കമുള്ള വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസ് തകര്‍ച്ചയില്‍

Tuesday 17 October 2017 2:47 pm IST

വര്‍ക്കല: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വര്‍ക്കല സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കാലപഴക്കത്താല്‍ തകര്‍ന്നുവീഴാറായിട്ടും അധികൃത അവഗണന തുടരുന്നു. ശക്തമായ മഴയില്‍ ചോര്‍ന്നൊലിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുളള കെട്ടിടം ഏത് നിമിഷവും നിലംപൊത്താം. 1923 ല്‍ സ്ഥാപിതമായ കെട്ടിടം പട്ടണത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പൂട്ടാനായി രാജഭരണകാലത്ത് നിര്‍മിച്ചതാണ്. മരപ്പലകയില്‍ തീര്‍ത്ത മേലാപ്പോട്കൂടി ഓട് പാകിയ പഴയ മാതൃകയിലുളള കെട്ടിടത്തില്‍ റിക്കാര്‍ഡ് റൂമടക്കം നാല് മുറികളാണുളളത്. 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടം നാളിതുവരെ നവീകരിച്ചിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കെട്ടിടം പരിശോധിച്ച വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ ശോചനീയാവസ്ഥ മനസിലാക്കിയതോടെ ഓഫീസ് പ്രവര്‍ത്തനം താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതോടൊപ്പം കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനായി ഒരുകോടി പത്തുലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും തേടി. മൈതാനം ഫയര്‍‌സ്റ്റേഷന് സമീപമുള്ള ബഹുനില കെട്ടിടത്തിന്റെ താഴത്തെ നില ഇതിനായി തെരഞ്ഞെടുത്തെങ്കിലും വാടകയുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. പഴയ നിരക്കു പ്രകാരമുളള പിഡബ്ല്യുഡി വ്യവസ്ഥാപിത റേറ്റ് അംഗീകരിക്കാന്‍ കെട്ടിടഉടമ തയ്യാറാകുന്നില്ല. ആനുപാതികമായ റേറ്റ് പുതുക്കി നിശ്ചയിച്ചാല്‍ മാത്രമേ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം താത്കാലികമായി മാറ്റി സ്ഥാപിക്കാന്‍ കഴിയുകയുളളൂ. വര്‍ക്കല നഗരത്തിന്റെ ഹൃദയഭാഗത്തായി 40 സെന്റോളം ചുറ്റളവിലുളള റവന്യൂഭൂമിയിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. വര്‍ക്കല മുനിസിപ്പാലിറ്റിയും ഇടവ, അയിരൂര്‍, ചെമ്മരുതി, ചെറുന്നിയൂര്‍, വെട്ടൂര്‍ എന്നീ വില്ലേജുകളും ഈ ഓഫീസിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടും. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി ദൈനംദിനം നിരവധി പേരാണ് ഈ ഓഫീസിനെ ആശ്രയിക്കുന്നത്. സബ്‌രജിസ്ട്രാര്‍ ഉള്‍പ്പെടെ പത്തു ജീനക്കാരാണുളളത്. സൂപ്രണ്ട്, മൂന്ന് സീനിയര്‍ ക്ലര്‍ക്ക്, രണ്ട് ക്ലര്‍ക്ക്, രണ്ട് ഓഫീസ് അസിസ്റ്റന്റ്, പിടിഎസ് ഒന്ന് എന്നിങ്ങനെയാണ് തസ്തികകള്‍. കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മേലാപ്പില്‍ മരപ്പട്ടികള്‍ കൂട്ടത്തോടെ ചേക്കേറിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കാന്‍ പത്തുവര്‍ഷം മുമ്പ് റിക്കോര്‍ഡ് റൂമിന് മേല്‍ ഷീറ്റ് പാകിയെങ്കിലും നിലവില്‍ ഇതും ദ്രവിച്ചിരിക്കുകയാണ്. ഇവിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇടയ്ക്കിടെ വിച്ഛേദിക്കപ്പെടുന്നതോടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസവും നേരിടുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള വസ്തു സംബന്ധമായ നിരവധി റിക്കോര്‍ഡുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഓഫീസിന് സമീപമുളള കാത്തിരിപ്പുകേന്ദ്രവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. 'കെട്ടിടം അപകടാവസ്ഥയില്‍' എന്ന മുന്നറിയിപ്പുബോര്‍ഡ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാര്‍ ഇപ്പോഴും ഇതിനുളളില്‍ തന്നെയാണ് കാത്തിരിക്കുന്നത്. ഓഫീസ് പരിസരത്തുള്ള കുടിവെളള കിണറും ശൗചാലയവും ശുചീകരിക്കാതായതോടെ നശിച്ച് കൊണ്ടിരിക്കുകയാണ്. ഓഫീസിന്റെ പ്രവര്‍ത്തനം അടിയന്തരമായി മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ഏത് നിമിഷവും തകര്‍ന്ന#ുവീണ് ദുരന്തം സംഭവിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.