ബേപ്പൂര്‍ ബോട്ടപകടം: കപ്പല്‍ കണ്ടെത്തിയതായി സൂചന

Tuesday 17 October 2017 3:05 pm IST

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തിയതായി സൂചന. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഉദ്യോഗസ്ഥര്‍ കപ്പല്‍ പരിശോധിക്കുന്നു. ബോട്ട് അപകടത്തില്‍പ്പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന വിദേശ കപ്പലാണിത്. ഒക്ടോബര്‍ 11ന് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍‌ച്ചാലിലാണ് അപകടം നടന്നത്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ്​ ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്‌നാട് കൊളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോണ്‍സണ്‍ (19), തമിഴ്‌നാട് കൊളച്ചല്‍ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ്​ കണ്ടു കിട്ടാനുള്ളത്​. ഇവര്‍ക്കായി കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.