ചെങ്ങറ സമരഭൂമില്‍ അശാന്തി പുകയുന്നു

Tuesday 17 October 2017 8:12 pm IST

പത്തനംതിട്ട: ഒരുപതിറ്റാണ്ട് പിന്നിട്ട ഭൂസമരവേദിയായ ചെങ്ങറയില്‍ അശാന്തി പുകയുന്നു. സമരഭുമിയില്‍ കടന്നു കയറാന്‍ സിപിഎമ്മും പ്രതിരോധിക്കാന്‍ ഡിഎച്ച്ആആര്‍എമ്മും നാളുകളായി കോപ്പുകൂട്ടുന്നതാണ് സമരഭൂമിയില്‍ അശാന്തിയുടെ പുക ഉയര്‍ത്തുന്നത്. ഇരുകൂട്ടരും തങ്ങളുടെ നിലപാട് ശക്തമാക്കുന്നതിനിടെ കോന്നി മേഖലയില്‍ പതിച്ചിരുന്ന ഡിഎച്ആര്‍എമ്മിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. സിപി എമ്മിനെതിരെയുള്ള പോസ്റ്ററുകളാണ് കീറിക്കളഞ്ഞത്. ചെങ്ങറ സമരത്തേയും പട്ടികവിഭാഗ സംഘടനകളെയും തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരെ അണിചേരുക, ദേശാഭിമാനി പത്രം ബഹിഷ്‌ക്കരിക്കുക തുടങ്ങിയ വാചകങ്ങളാണ് പ്രിന്റ്റ് ചെയ്ത പോസ്റ്ററില്‍ ഉള്ളത്. സംഘടനകള്‍ ചെങ്ങറയില്‍ ആധിപത്യ മുറപ്പിക്കാന്‍ മത്സരം തുടങ്ങിയതോടെ കിടപ്പാടം മാത്രം സ്വപ്‌നം കണ്ട് സമരഭൂമിയിലെത്തിയ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. സമരത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ആശയത്തില്‍ നിന്നും വ്യതിചലിക്കുന്നതായും ഇവര്‍ ഭയപ്പെടുന്നു. രണ്ട് വര്‍ഷം മുന്‍പ് സമരനായകന്‍ ളാഹ ഗോപാലന്‍ ചെങ്ങറയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് സമരക്കാര്‍ക്കിടയില്‍ വിഭാഗീയത ഉടലെടുത്തത്. എന്നാല്‍ ഇത്തരം സംഘടനാ തര്‍ക്കങ്ങളില്‍ താല്പര്യമില്ലാത്ത ഒരു നല്ല വിഭാഗം ആളുകളും ഇവിടെയുണ്ട്. കൈവശം ലഭിച്ച ഭൂമിക്ക് പട്ടയം തരപ്പെടുത്തി അവിടെ ജീവിതം കെട്ടിപ്പടുക്കുക എന്നത് മാത്രമാണ് അവരുടെ സ്വപ്‌നം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അടുത്ത കാലത്തായി ചെങ്ങറയില്‍ ചര്‍ച്ച പോലും ആകുന്നുമില്ല. ആധിപത്യം ഉറപ്പിക്കാനുള്ള സംഘടനകളുടെ ബലപരീക്ഷണത്തിനിടയില്‍ അടിസ്ഥാന വിഷയങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നാണ് സമരക്കാരില്‍ പലരുടെയും വേദന. 2007 ല്‍ ചെങ്ങറയില്‍ കുടില്‍ കെട്ടി ഭൂമി സമരം ആരംഭിച്ചത് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ ആയിരുന്നു. സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥാപക പ്രസിഡന്റ് ളാഹഗോപാലന്‍ രോഗാതുരനായി പത്തനംതിട്ടയിലെ ആസ്ഥാന മന്ദിരത്തില്‍ കഴിയുകയാണ്. ഗോപാലന് സമരത്തിന്റെ നിയന്ത്രണം കൈവിട്ടു പോയ ശേഷമാണ് സമരക്കാര്‍ രണ്ടു വിഭാഗമായി തിരിഞ്ഞത്. എസ്‌വിഎസ് വിക്ക് പുറമെ അംബേദ്ക്കര്‍ സ്മാരക ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സംഘടനയും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ക്കാലത്ത് ഇരു കുട്ടരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പോലീസ് ഇടപെടലിനും സാഹചര്യമൊരുക്കി. ഇതിനിടെയാണ് അനുഭാവികളായ കുറെ ആളുകളെ സംഘടിപ്പിച്ച് സിപിഎം ആധിപത്യം ഉറപ്പിക്കാന്‍ നീക്കം തുടങ്ങിയത്. ഡിവൈഎഫ്‌ഐയുടെ പേരില്‍ സമരഭൂമിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതോടെ സമരഭൂമി കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. വേണ്ടി വന്നാല്‍ ചെങ്ങറ സമരഭൂമിയിലേക്ക് കടന്നു കയറുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനവും സമരക്കാരെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസംഗവും എരിതീയിലെ എണ്ണയായി. ഇരുകൂട്ടരുടെയും പടപ്പുറപ്പാട് പൊതുസമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.