ശ്രീശാന്തിന്റെ വിലക്ക് തുടരും

Tuesday 17 October 2017 11:22 pm IST

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. വിലക്ക് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഐപിഎല്‍ വാതുവെപ്പു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. അഴിമതിയോട് സീറോ ടോളറന്‍സ് (തീര്‍ത്തും അസഹിഷ്ണുത) പ്രകടിപ്പിക്കുന്ന നിലപാടും നയവും തുടരുന്ന ബിസിസിഐയുടെ തീരുമാനം ശരിയാണ്. അഴിമതി ഇല്ലാതാക്കാന്‍, ബിസിസിഐ കൊണ്ടുവന്നിട്ടുള്ള ചട്ടം പാലിക്കാന്‍ ശ്രീശാന്ത് ബാദ്ധ്യസ്ഥനാണ്. ഇത്തരം കേസുകളില്‍ ശിക്ഷയ്ക്കു പകരം മറ്റെന്തെങ്കിലും പരിഗണന കാട്ടാനാവില്ല. ശ്രീശാന്തിന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അനാവശ്യ അനുകമ്പ കാട്ടേണ്ടതുമില്ല. മൊബൈല്‍ ഫോണില്‍ ജിജു ജനാര്‍ദ്ദനുമായി നടത്തിയ സംഭാഷണം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ ശ്രീശാന്തിന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞൂ. ശ്രീശാന്ത് കുറ്റക്കാരനല്ലെന്നു സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് വിലിയിരുത്തി. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. മാത്രമല്ല, ശ്രീശാന്തിന് സ്വാഭാവിക നീതി നിഷേധിച്ചതായി ആരോപണമില്ല. വിലക്ക് ഏര്‍പ്പെടുത്തുംമുമ്പ് തന്റെ ഭാഗങ്ങള്‍ ന്യായീകരിക്കാനും അധികൃതരുടെ ശ്രദ്ധയിലേക്ക് വാദം കൊണ്ടുവരാനും ശ്രീശാന്തിന് മതിയായ അവസരം ലഭിച്ചിരുന്നു. ഇക്കാരണത്താല്‍ നടപടിക്രമങ്ങളില്‍ വീഴ്ച കാണേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ശ്രീശാന്തിന്റെ ശിക്ഷയ്ക്ക് നാലു വര്‍ഷത്തെ വിലക്ക് മതി എന്ന സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം ഉചിതമല്ല. ഐപിഎല്‍ ആറാം സീസണിലെ വാതുവെപ്പ് വിവാദങ്ങളെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ച് വിലക്ക് നീക്കിയിരുന്നു. വാതുവെപ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നെങ്കില്‍പോലും ദേശീയ, അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് നാലു വര്‍ഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ശിക്ഷ ഒഴിവാക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ശിക്ഷ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലിയിരുത്തി. ഒരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്കും വകുപ്പു തല നടപടിയെടുക്കുന്ന സമിതിക്കും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനാവും.