ബാല്‍ക്കോയുടെ വിജയവഴി

Tuesday 17 October 2017 6:06 pm IST

  പിരമിഡുകള്‍ക്ക് മുന്നിലെ നിധിതേടി പ്രതിബന്ധങ്ങള്‍ കൂസാതെ കാതങ്ങള്‍ താണ്ടിയ ഇടയബാലന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കമിസ്റ്റ് എന്ന നോവലിലെ ശക്തമായ കഥാപാത്രമാണ്. പിന്‍മാറ്റത്തെക്കുറിച്ച് ചിന്തിക്കാനിട നല്‍കാതെ അവനെ മുന്നോട്ട് നയിക്കാന്‍ ശക്തമായൊരാഗ്രഹവും അവന് കൂട്ടിനുണ്ട്. അതിന് വേണ്ടുന്ന പ്രയത്‌നവുമുണ്ടെങ്കില്‍ അത് സാധിച്ചുതരാന്‍ പ്രകൃതികൂടി നമുക്കൊപ്പം നില്‍ക്കുമെന്നൊരു സന്ദേശവും ആല്‍ക്കമിസ്റ്റ് നല്‍കുന്നു. ഇതൊരു സാങ്കല്‍പ്പിക കഥയാകാം. എന്നാല്‍ ഇത്തരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത് ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ കഥയാണ് ബാല്‍ക്കോ പിവിസി പൈപ്പ് നിര്‍മ്മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ബി. സുധീര്‍ കുമാറിന് പറയാനുള്ളത്. പുനലൂരില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തലസ്ഥാന നഗരിയിലെത്തി പ്രിഡിഗ്രിയും ആര്‍ക്കിടെക്ടാകാന്‍ മോഹിച്ച് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് ബിരുദവും പൂര്‍ത്തിയാക്കി. എന്നാല്‍ നിയോഗം മറ്റൊന്നാവുകയായിരുന്നു. തന്റെ കുടംബ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പോളിത്തീന്‍ കമ്പനി ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാല്‍ കേരള ഫിനാല്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജപ്തി നടപടിക്കൊരുങ്ങി. എന്നാല്‍ ആ കമ്പനിയോടുള്ള താല്‍പര്യം മാനിച്ച് വസ്തുവിന്റെ ഈടില്‍ കെഎഫ്‌സി ടെക്‌നോക്രാഫ്റ്റ് സ്‌കീം പ്രകാരം നാലു ലക്ഷം രൂപ അടച്ച് പോളിത്തീന്‍ കമ്പനി ഏറ്റെടുത്തു. ആ കാലത്ത് വയറിംഗ് നിര്‍മ്മാണ മേഖലയില്‍ പിവിസി പൈപ്പ് കേരളത്തില്‍ എത്തിയിരുന്നത് മുംബൈയില്‍ നിന്നായിരുന്നു. എന്നാല്‍ പോളിത്തീന്‍ പൈപ്പുകള്‍ കേരളത്തില്‍ സുലഭവുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും, പിന്‍വിളികളും ഏറെ ഉണ്ടായിട്ടും കേരളത്തില്‍ തന്റെ ഉടമസ്ഥതയില്‍ ഒരു പിവിസി കമ്പനി എന്ന ആശയത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സുധീര്‍കുമാര്‍. അങ്ങനെ പുനലൂര്‍, തൊളിക്കോടുള്ള മാതാവിന്റെ പേരിലുള്ള 20 സെന്റ് ഭൂമിയില്‍ 1991 ല്‍ സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ആദ്യകാലത്ത് വില്‍പനയ്ക്കും മറ്റും ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും പൈപ്പിന്റെ ഗുണമേന്മയുടെ അവസാനവാക്കായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. കേരളത്തില്‍ വയറിങ് പൈപ്പുകള്‍ക്ക് ആദ്യമായി ഐഎസ്‌ഐ സര്‍ട്ടിഫിക്കറ്റ് നേടുന്ന കമ്പനി എന്ന ഖ്യാതിയും ബാല്‍ക്കോ സ്വന്തമാക്കി. ഇതോടെ പൈപ്പിന്റെ വിപണിയില്‍ പ്രിയമേറി. 1991 സപ്തംബര്‍ രണ്ടിന് പ്രവര്‍ത്തനമാരംഭിച്ച ബാല്‍ക്കോ നിര്‍മ്മാണ യൂണിറ്റിന് ഭദ്രദീപം തെളിച്ചത് സ്വാമി സത്യാനന്ദ സരസ്വതിയായിരുന്നു. പൈപ്പിന്റെ ആവശ്യകത കൂടുകയും കേരളത്തിന് പുറത്തേയ്ക്കും വ്യാപാര ശൃംഖല വ്യാപിക്കുകയും ചെയ്തു. 1995 ഒക്‌ടോബര്‍ നാലിന് സോള്‍വ് പ്ലാസ്റ്റിക് പ്രൊഡക്ട്‌സിനോട് ചേര്‍ന്നുള്ള 25 സെന്റ് ഭൂമിയില്‍ അനുജന്‍ സുശീല്‍കുമാറുമായി ചേര്‍ന്ന് സോള്‍വ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ആരംഭിച്ചു. ഇവിടെ നിന്നും വാട്ടര്‍ പൈപ്പിന്റെ നിര്‍മ്മാണവും തുടങ്ങി. ചെറുകിട വ്യവസായ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് ആരംഭം കുറിച്ച സ്ഥാപനത്തിന്റെ പ്രാരംഭദിശയില്‍ സഹായിച്ച ഡോ. സീതാരാമനെപോലുള്ള നിരവധി ആളുകളെ ഇന്നും അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും മാര്‍ഗ്ഗദര്‍ശിയായി പിതാവ് ജി. ബാലകൃഷ്ണന്‍ നായര്‍ ഒപ്പമുണ്ടായിരുന്നു. സത്യസന്ധമായ രീതിയില്‍ ഉയര്‍ന്ന ഗുണമേന്മയോടെ ഉത്പ്പാദനം നടത്തുക എന്നത് ഇക്കാലത്ത് വെല്ലുവിളിയാണ്. എന്നാല്‍ വിപണന രംഗത്തു നിന്നും കൂടുതല്‍ ലാഭം എന്നതല്ല ഗുണമേന്മയില്‍ യാതൊരുവിധ വിട്ടുവീഴ്ചയും കൂടാതെ മുന്നോട്ട് പോവുക എന്ന നയമാണ് സുധീര്‍കുമാറിനുള്ളത്. ഐഎസ്‌ഐ മുദ്ര പതിക്കുകയും എന്നാല്‍ അതിനനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് പിവിസി പൈപ്പുകള്‍ ധാരാളമുള്ള കേരളത്തില്‍ ഉപഭോക്താവിന് അതിന്റെ പ്രാധാന്യം ഇന്നും അന്യമാണ്. ഗുണമേന്മയില്ലാത്ത പിവിസി വാട്ടര്‍ പൈപ്പുകളും, ഇലക്ട്രിക് പൈപ്പുകളും നിരവധി ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നിരിക്കെ ഐഎസ്‌ഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കപ്പെടുന്നതാണ് ബാല്‍ക്കോ പൈപ്പുകള്‍ എന്നും ഇദ്ദേഹം ഉറപ്പ് നല്‍കുന്നു. ഗുണമേന്മ ഉല്‍പ്പന്നത്തില്‍ മാത്രമല്ല സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി ഐഎസ്ഒ 9001: 2008 എന്ന അന്താരാഷ്ട്ര ഗുണമേന്മയും നേടിയിട്ടുണ്ട്. വയറിങ് പൈപ്പിന്റെ ഗുണമേന്മയുടെ തോതനുസരിച്ച് ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. എല്ലാത്തരം പൈപ്പുകളിലും പൈപ്പിനുള്ളില്‍ സ്പ്രിങ് കടത്തി വളച്ച് ഏറെ പിവിസി ഫിറ്റിങ്‌സ് ഒഴിവാക്കാമെന്നതാണ് ബാല്‍ക്കോ പൈപ്പിന്റെ പ്രത്യേകത. വിപണിയില്‍ ഏറെയും ലൈറ്റ് പൈപ്പുകള്‍ സ്പ്രിങ് ഉപയോഗിക്കുമ്പോള്‍ പൊട്ടുമ്പോള്‍ ബാല്‍ക്കോ പൂര്‍ണ്ണമായും ചൂടാക്കാതെ തന്നെ വളയ്ക്കാന്‍ കഴിയുന്നു എന്നതാണ് മറ്റ് പൈപ്പുകളില്‍ നിന്നും ബാല്‍ക്കോയെ വേറിട്ടുനിര്‍ത്തുന്നത്. കൂടാതെ നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ ചുവരുകളുടെ നിറത്തിന് അനുസൃതമായ നിറത്തിലുള്ള പൈപ്പുകളും ബാല്‍ക്കോ വിപണിയില്‍ ഇറക്കുന്നു. കൂടുതല്‍ വിറ്റുപോകുന്നത് കറുപ്പ്, ഐവറി നിറങ്ങളാണ്. 1991 ല്‍ അഞ്ച് തൊഴിലാളികളുമായി പ്രതിമാസം 12 ടണ്‍ ഉല്‍പാദനക്ഷമതയില്‍ തുടങ്ങിയ കമ്പനിയുടെ ഇപ്പോഴത്തെ ഉല്‍പാദന ശേഷി 300 ടണ്‍ ആണ്. ഇന്ന് സ്ഥാപനത്തില്‍ നേരിട്ട് 160ലേറെ തൊഴിലാളികള്‍ പണിയെടുക്കുന്നു. പുനലൂരിന് പുറമേ തെന്മലയ്ക്ക് അടുത്ത് എടമണ്‍, തമിഴ്‌നാട്ടിലെ ചെങ്കോട്ട എന്നിവിടങ്ങളിലും ഫാക്ടറികളുണ്ട്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഴയ മെഷീനുകളും ഏറ്റവും നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളും ഉപയോഗിക്കുന്ന ഈ മൂന്ന് ഫാക്ടറികളുമായി പൈപ്പ് നിര്‍മ്മാണം നടത്തുന്നു. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഇവിടെ നിന്നും വയറിങ്, പ്ലംബിങ് പൈപ്പുകളും അതിന്റെ ഫിറ്റിങ് ഉപകരണങ്ങളും സോള്‍വന്റ് സിമന്റുമാണ് നിര്‍മ്മിക്കുന്നത്. തമിഴ്‌നാട് യൂണിറ്റില്‍ നിന്ന് ഹോസ്, വാട്ടര്‍ ടാങ്ക്, സിപിവിസി, എച്ച്ടിസി, പൈപ്പുകളും അനുബന്ധ സാമഗ്രികളും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ബിഎസ്എന്‍എല്‍, പൊതുമരാമത്ത് വകുപ്പ്, ഇന്ത്യന്‍ റെയില്‍വേ, കേരള വാട്ടര്‍ അതോറിറ്റി, കേരളാ സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ഇങ്ങനെ നിരവധി കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലേക്ക് പൈപ്പുകള്‍ എത്തിക്കുന്നത് ബാല്‍ക്കോയില്‍ നിന്നാണ്. പുതിയ സംരംഭകരെ സഹായിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വന്‍കിട വ്യവസായ സംരംഭങ്ങളല്ല ചെറുകിട വ്യവസായങ്ങളാണ് രാജ്യത്തിന്റെ അഭിവൃദ്ധി സാധ്യമാക്കുന്നത് എന്ന കാഴ്ചപ്പാടാണ് ഉള്ളതെന്നും സുധീര്‍കുമാര്‍ പറയുന്നു. കൃഷി കഴിഞ്ഞാല്‍ ചെറുകിട വ്യവസായത്തിനാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുധീര്‍കുമാര്‍ പറയുന്നു. ഓള്‍ കേരളാ സ്‌മോള്‍സ്‌കെയില്‍ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ബിസിനസ് രംഗത്ത് മാത്രമല്ല ആത്മീയരംഗത്തും സജീവ സാന്നിധ്യമാണ്. 1996 ല്‍ പുനലൂരില്‍ നടന്ന ഹിന്ദു സംഗമം ആത്മീയ രംഗത്തുള്ള നിരവധി ആളുകളുമായി സഹകരിക്കാനും പരിചയപ്പെടാനുമുള്ള വേദിയായി. ശ്രീരാമകൃഷ്ണ ആശ്രമവുമായും ചെങ്കോട്ടുകോണം ആശ്രമവുമായും ഒക്കെയുള്ള ഊഷ്മള ബന്ധങ്ങളാണ് 1991 ലും 1995 ലും തന്റെ പ്ലാന്റുകളും ഭദ്രദീപം തെളിച്ച് അനുഗ്രഹിക്കാന്‍ സത്യാനന്ദ സരസ്വതിയെ ക്ഷണിക്കാന്‍ കാരണമായത്. കൂടാതെ പഠനകാലത്ത് മാര്‍ ഇവാനിയോസ് കോളേജിലും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലും എബിവിപി പ്രവര്‍ത്തകനായ സുധീര്‍കുമാര്‍, ദത്തോപാന്ത് ഠേംഗ്ഡി, ആര്‍. ഹരി, പി. പരമേശ്വരന്‍, എം.എ. കൃഷ്ണന്‍ എന്നിവരോടുള്ള അടുപ്പം വിചാരകേന്ദ്രം പ്രവര്‍ത്തനങ്ങളിലും ബാലഗോകുലം, വികാസ് പരിഷത്ത്, ഹിന്ദു ഇക്കണോമിക് ഫോറം പ്രവര്‍ത്തനങ്ങളിലും സജീവമാക്കി. ഇന്ന് ലഘു ഉദ്യോഗ് ഭാരതിയുടെ ചെറുകിട വ്യവസായ സംരംഭകര്‍ക്കും ഇവിടെ തൊഴില്‍ എടുക്കുന്നവര്‍ക്കും ക്ലാസ്സുകള്‍ നയിക്കുന്ന സംസ്ഥാന തല അധ്യാപകനാണ് ഇദ്ദേഹം. അച്ഛന്‍ റിട്ട. ആര്‍ടിഒ ആയ ജി. ബാലകൃഷ്ണന്‍ നായരാണ് കമ്പനിയുടെ ചെയര്‍മാന്‍. അടൂര്‍, പറക്കോട് ഹൈസ്‌കൂളിലെ അധ്യാപിക ബിന്ദു ഭാര്യയാണ്. മൂത്തമകന്‍ അരവിന്ദ് എസ്.കുമാര്‍ ബിസിനസ് മാനേജ്‌മെന്റ് കഴിഞ്ഞ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നു. രണ്ടാമത്തെ മകന്‍ ശങ്കര്‍.എസ്.കുമാര്‍ കാഞ്ഞിരപ്പള്ളിയില്‍ അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി. തുടക്കത്തിലെ ബാലാരിഷ്ടതകള്‍ ഒഴിവാക്കിയാല്‍ ബാല്‍ക്കോ എന്ന ബ്രാന്‍ഡഡ് പൈപ്പിന് ബിസിനസ് രംഗത്ത് തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇന്ന് കേരളത്തിന് പുറത്തും വ്യാപാര ശൃംഖല വ്യാപിച്ചതിന്റെ സന്തോഷത്തിലാണ് സുധീര്‍കുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.