ചരിത്രത്തിലെ ചുവപ്പ് ഭീകരത

Tuesday 17 October 2017 8:15 pm IST

  1918 ല്‍ ആരംഭിച്ച റഷ്യന്‍ ആഭ്യന്തരയുദ്ധത്തെ അടിച്ചമര്‍ത്താന്‍ ബോള്‍ഷെവിക്കുകള്‍ ഉപയോഗിച്ച കൂട്ടക്കൊലകള്‍, ദ്രോഹങ്ങള്‍, പീഡനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവക്ക് ചരിത്രത്തില്‍ അറിയപ്പെടുന്ന പേര് 'ചുകപ്പ് ഭീകരത' എന്നാണ്. 1918 സപ്തംബറില്‍ ബോള്‍ഷെവിക് കേന്ദ്ര സമിതി ചെയര്‍മാന്‍ യാക്കോവ് സ്വേര്‍ദ്‌ലോവ് ആണ് ചുവപ്പു ഭീകരതയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1918 ജൂലൈ 16 ണ് രാവിലെ ലെനിന്റെ ഉത്തരവ് പ്രകാരം വീട്ടുതടങ്കലില്‍ ആയിരുന്ന സാര്‍ ചക്രവര്‍ത്തിയെയും കുടുംബത്തെയും പരിചാരകരെയും കൂട്ടക്കൊല ചെയ്തു. ഏതാണ്ട് പതിനായിരം ജനങ്ങളെ കൊന്നൊടുക്കി കൊണ്ടാണ് ക്രോണസ്റ്റേറ്റ് കലാപത്തെ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയത്. അതിശക്തമായ ആഭ്യന്തര യുദ്ധം ഏതാണ്ട് നാലു കൊല്ലം 1923 വരെ നീണ്ടുനിന്നു. ഒടുവില്‍ എതിര്‍ത്തവരെ അടിച്ചമര്‍ത്തി ബോള്‍ഷെവിക്കുകള്‍ ജയിച്ചു. റഷ്യന്‍ ആഭ്യന്തര യുദ്ധകാലത്തെ അനുഭവങ്ങള്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏകാധിപത്യ അടിച്ചമര്‍ത്തല്‍ പ്രസ്ഥാനമാക്കി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തുകൊണ്ടേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനില്‍ക്കാനും വളരാനും കഴിയൂ എന്ന് അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പഠിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരന്റെ വര്‍ഗശത്രുക്കള്‍ മുതലാളിമാരാണെങ്കിലും ലെനിന്‍ വിപ്ലവം നയിച്ചത് മാര്‍ക്‌സിസ്റ്റ് റവല്യൂഷനറികള്‍ക്കെതിരെയാണ്. സ്റ്റാലിനും ഇതുതന്നെ തുടര്‍ന്നു. മാര്‍ക്‌സിസം വ്യാവസായിക തൊഴിലാളി വര്‍ഗത്തെ ആശ്ലേഷിക്കുകയും കൃഷിക്കാര്‍ അതിനുപുറത്താണെന്ന് കരുതുകയും ചെയ്യുന്നു. ബോള്‍ഷെവിക്ക് സര്‍ക്കാര്‍ കൃഷിക്കാര്‍ക്കെതിരെ നീക്കം നടത്തുകയും കമ്മ്യൂണിസ്റ്റ് രീതിയില്‍ ധാന്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ സോവിയറ്റുകള്‍വരെ ബോള്‍ഷെവിക് സര്‍ക്കാരിനെതിരെ തിരിഞ്ഞു. റഷ്യയെ ചോരകൊണ്ട് മുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ട്രോട്‌സ്‌കിക്കും കമ്മ്യൂണിസത്തിന്റെ ക്രൂരത നേരിടേണ്ടി വന്നു. വാളെടുക്കുന്നവന്‍ വാളാല്‍ എന്ന തത്വത്തിന്റെ ഉദാഹരണമായി മാറി ട്രോട്‌സ്‌കി. സ്റ്റാലിനുമായി തെറ്റി നാടുവിട്ട് ഓടിയ ട്രോട്‌സ്‌കി ടര്‍ക്കിയിലും, മെക്‌സിക്കോയിലും കാവല്‍ക്കാരുടെ സംരക്ഷണയിലാണ് സ്റ്റാലിന്റെ കൊലയാളികളില്‍ നിന്ന് രക്ഷനേടാന്‍ താമസിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ 1940 ല്‍ ട്രോട്‌സ്‌കിയെ അദ്ദേഹത്തിന്റെ മെക്‌സിക്കോയിലെ താമസവീട്ടിലെ പഠനമുറിയില്‍ വച്ച് സ്റ്റാലിന്റെ രഹസ്യാന്വേഷണ വിഭാഗം ഐസ് പിളര്‍ക്കുന്ന മഴുകൊണ്ട് തലക്കടിച്ചു കൊന്നു. പിന്നീട് സോവിയറ്റ് റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച 20 ലക്ഷം ആളുകളെയാണ് ഭരണകൂടം കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നത്. ഹിറ്റ്‌ലറെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ദ്രോഹങ്ങളാണ് അവിടെ അരങ്ങേറിയത്. ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയതിനേക്കാള്‍ കൂടുതല്‍ ആളുകളെ സ്റ്റാലിന്‍ കൊന്നൊടുക്കിയിട്ടുണ്ട്. എന്നിട്ടും ചരിത്രകാരന്മാര്‍ ഹിറ്റ്‌ലറെയാണ് വില്ലനായി ചിത്രീകരിച്ചിട്ടുള്ളത്. ഇതിനു ചരിത്രവിശകലനങ്ങള്‍ പറയുന്ന ഒരു കാരണം, ഹിറ്റ്‌ലര്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു, സ്റ്റാലിന്‍ വിജയിച്ചവര്‍ക്കൊപ്പം നിന്നു എന്നതാണ്. സാമ്പത്തികമായി റഷ്യക്ക് കരകയറാന്‍ കഴിയാതെ ദാരിദ്ര്യം പങ്കുവെച്ചുകൊണ്ടുള്ള സോഷ്യലിസം ആണ് റഷ്യയില്‍ നടപ്പിലാക്കിയത്. ഇതെല്ലം 1990 വരെ അവിടുത്തെ ഇരുമ്പു മറക്കുള്ളില്‍ മറച്ചു വെക്കപ്പെട്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ക്രൂരതകളെക്കുറിച്ചുള്ള പുസ്തകമായ 'ഗുലാഗ് ആര്‍ച്ചി പെലാഗോ' എഴുതിയ അലക്‌സാണ്ടര്‍ സോള്‍സെനിട്‌സെന്‍ ഒക്ടോബര്‍ വിപ്ലവത്തേക്കുറിച്ചു പറയുന്നു: '1917 ഒക്ടോബര്‍ 25 ന് ഇരുപത്തി നാല് മണിക്കൂര്‍ നീണ്ടുനിന്ന അക്രമത്തിലൂടെയുള്ള അധികാര അട്ടിമറി പെട്രോഗ്രാഡില്‍ നടന്നു. അത് വിദഗ്ദ്ധമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ലിയോണ്‍ ട്രോട്‌സ്‌കി യാണ്. ലെനിന്‍ ആ സമയത്തു രാജ്യദ്രോഹക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചിരിക്കുകയായിരുന്നു. നാമിന്ന് '1917 ലെ റഷ്യന്‍ വിപ്ലവം' എന്ന് വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി വിപ്ലവമാണ്.ഇത് ഞാന്‍ 'ദി റെഡ് വീല്‍' എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.'' ചരിത്രത്തിലെ കളവുകളുമായി വീണ്ടും വന്നാലുള്ള വിവാദത്തെ ഭയന്ന് കേരളത്തിലും, ത്രിപുരയിലും, ജെഎന്‍യുവിലും മാത്രമായി ഒതുങ്ങേണ്ടിവന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരന്റെ വിമുഖതയാണ് 2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കാലം 'ഒക്ടോബര്‍ വിപ്ലവ'ത്തിന്റെ നൂറാം വാര്‍ഷിക മായി ആഘോഷിക്കാനാകാതെ കടന്നുപോകുന്നത്. 2017 മെയ് 5 മുതല്‍ 2018 മെയ് അഞ്ച് വരെയുള്ള കാലം കാറല്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികമാണ്. അതിന്റെയും ഗതി ഇതുതന്നെ. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികവും, ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെയും ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജിയുടേയുമൊക്കെ നൂറാം ജന്മവാര്‍ഷികങ്ങളും അതിവിപുലമായി കൊണ്ടാടിയിട്ടുള്ള കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് ഒരു നാണക്കേടാണ്.

(അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.