ജനരക്ഷായാത്ര ജനങ്ങളോട് പറഞ്ഞത്

Tuesday 17 October 2017 8:12 pm IST

പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയതുമുതല്‍ സംസ്ഥാനത്ത് രൂപംകൊണ്ടിരിക്കുന്ന സാമൂഹ്യ ധ്രുവീകരണം കണ്ടില്ലെന്ന് നടിക്കാനാവില്ല. ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ ഭൂരിപക്ഷം തഴയപ്പെടുന്ന അവസ്ഥ ഇതിനു മുന്‍പൊരിക്കലും ഇത്ര പ്രകടമായി കേരളം നേരിട്ടിട്ടില്ല. ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഈ സര്‍ക്കാരിന്റെതെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളേറെയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അരക്ഷിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് ജനരക്ഷായാത്രയുടെ പ്രസക്തി. സ്വതവേ സമാധാനപ്രിയരായ മലയാളികള്‍ ഭീകരതയെ ഭയപ്പാടിലാണ് നോക്കിക്കാണുന്നത്. സംസ്ഥാനത്തുനിന്നു ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തുന്നതും, അവര്‍ യുദ്ധമുഖത്ത് മരണമടഞ്ഞതുമെല്ലാം ഞെട്ടലോടെയാണ് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടത്. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പോലീസും, ആ സാധ്യത തള്ളിക്കളയാതെ കോടതിയും നിരീക്ഷണം നടത്തുന്നു. സര്‍ക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിലെയും, ന്യൂനപക്ഷ പ്രീണനം നടത്തുന്നതിലെയും അപാകതകള്‍ കേരള മനഃസാക്ഷിയ്ക്ക് ആകുലതയും ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു. അഖിലയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ചുള്ള പ്രകടനങ്ങള്‍, സ്വന്തം കുടുംബത്തിന് ഭീഷണിയാണെന്ന് അഖിലയുടെ അച്ഛന്‍ സുപ്രീംകോടതിയില്‍ പരാതിപ്പെടുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍. ഒരു കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട കേരള സര്‍ക്കാര്‍ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സമീപനം സ്വീകരിക്കുന്നതിന്റെ സാംഗത്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. നിലവിലെ കേസും എന്‍ഐഎ അന്വേഷണവും രണ്ടാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചപ്പോള്‍ പുറത്തായിരിക്കുന്നത് കേരള സര്‍ക്കാരിന്റെ അതിരുകടന്ന പ്രീണനമല്ലേ? ദുരൂഹമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മതംമാറി നടത്തിയ വിവാഹം അസാധുവാക്കിയ കോടതിവിധിക്കെതിരെ 'ഏകോപന സമിതി'യെന്ന പേരില്‍ ജസ്റ്റിസ് സുരേന്ദ്ര മോഹനെ ഇംപീച്ച് ചെയ്യാനായി പ്രകടനം നടത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. ഇക്കാര്യത്തിലുണ്ടായ സര്‍ക്കാരിന്റെ മൃദുസമീപനം നിഷ്പക്ഷമതികളെപ്പോലും അദ്ഭുതപ്പെടുത്തി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍പോലും ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസം പ്രകടമാണ്. ന്യൂനപക്ഷ വിധവകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഭൂരിപക്ഷ വിധവകള്‍ അയോഗ്യരാക്കപ്പെടുന്നത് എങ്ങനെയാണ്? കേരളം അക്രമഭൂമിയല്ലെന്ന് വാദിക്കുന്ന 'നിഷ്പക്ഷ'മതികള്‍ക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാകുക! രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതിന് പുറകെ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്ന നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. 'വരമ്പത്തുകൂലി' പ്രയോഗം അണികള്‍ നല്‍കുന്ന സന്ദേശം അണികള്‍ ശരിക്കും ഉള്‍ക്കൊള്ളുന്നതായിട്ടാണ് വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മനസ്സിലാകുക. ടി.പി.വധക്കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത മുന്‍ഡിജിപി സെന്‍കുമാറിനോടു സര്‍ക്കാര്‍ ചെയ്തതും, മൂന്നാറില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ടുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയതും ഒഴിപ്പിക്കാന്‍ പോയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുണ്ടായ അനുഭവങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സന്ദേശമാണ് നല്‍കിയത്. ഭരണഘടനയോ നിയമങ്ങളോ അല്ല പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തീട്ടൂരമാണ് പ്രധാനമെന്നതാണത്. മൂന്നാറിലും (ഇടുക്കി), വയനാട്ടിലും നടന്ന വനംകയ്യേറ്റങ്ങളും സംസ്ഥാനത്തെ കായല്‍, പുഴ, പുറമ്പോക്ക് കയ്യേറ്റങ്ങളും നിര്‍ബാധം തുടരാമെന്ന എഴുതപ്പെടാത്ത സന്ദേശം ഭരണകൂടം നല്‍കുന്നതായി ജനങ്ങള്‍ വിലയിരുത്തിയിരിക്കുന്നു. നിയമസഭ പാസ്സാക്കുന്ന നിയമങ്ങള്‍ നോക്കുകുത്തികളാകുന്ന അതിവിരളമായ ഭരണകാലമായി കേരള ഭരണത്തെ വിലയിരുത്തുന്നു. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വനമേഖലയില്‍പ്പോലും അനധികൃതമായി സ്ഥാപിക്കപ്പെട്ട കുരിശുകള്‍ നീക്കംചെയ്യുന്നത് തടയുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയം കേരളത്തിലെ മാന്യനായ ഒരു ബിഷപ്പിനെ 'നികൃഷ്ട ജീവി'യെന്ന് സംബോധന ചെയ്തതിനുള്ള ബോണസായി കണക്കാക്കാവുന്നതാണ്. വിജിലന്‍സ് വിപ്ലവത്തിന് വഴിയൊരുക്കിയ ജേക്കബ് തോമസിനെ അപ്രധാന വകുപ്പു നല്‍കി ഒതുക്കിയത് സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? മുഖ്യമന്ത്രിയുടെ ഫോട്ടോ അനുജത്തിക്ക് വിഷുക്കണിയായി കാണിച്ച ജിഷ്ണു വധിക്കപ്പെട്ടിട്ടും അന്വേഷണ പുരോഗതിക്കായി അമ്മ മഹിജയ്ക്ക് തെരുവിലിറങ്ങേണ്ടിവന്നു. നീതിക്കായി പോരാടിയ ഒരു അമ്മയ്ക്ക് തെരുവിലുണ്ടായ അനുഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. ജിഷ്ണു വധക്കേസില്‍ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിലും, പ്രതികളെന്ന് സംശയിക്കുന്ന കൃഷ്ണദാസിനുള്‍പ്പെടെ നീതി ലഭിക്കുന്നതായി സമൂഹത്തിന് ബോധ്യപ്പെട്ടു. ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം മാത്രമാണ് സംസ്ഥാനത്തെ അക്രമത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുമായിരുന്ന വിധത്തില്‍ കൊടുംകുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കാതിരുന്നത്. ആദ്യ ലിസ്റ്റില്‍ ടിപി വധക്കേസിലെയും വിഷമദ്യക്കേസിലെയും കാരണവര്‍ക്കേസിലെയും ചന്ദ്രബോസ് വധക്കേസിലെയും പ്രതികള്‍ സ്ഥാനംപിടിച്ചിരുന്നുവെന്നത് സര്‍ക്കാരിന്റെ ഇക്കാര്യങ്ങളിലെ നിലപാട് വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥകളെ ദുര്‍ബ്ബലപ്പെടുത്തുന്ന ഇത്തരം സമീപനങ്ങള്‍ കേരളത്തിലെ ജനങ്ങളെ ആശങ്കയുള്ളവരാക്കുന്നു. ഭരണം 2017 ഒക്‌ടോബര്‍ ആകുമ്പോള്‍ ബലാത്സംഗക്കേസുകള്‍, കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവ യഥേഷ്ടം പെരുകുകയാണ്. കേരളത്തില്‍ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അക്രമങ്ങളിലേക്ക് ജനങ്ങള്‍ വഴുതിവീഴുന്ന അവസ്ഥയിലാണ് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരിലും, മതേതരമാകുന്നതിന്റെ പേരിലും പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യുക്തിരഹിതമായി സന്ധി ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഏറിവരികയാണ്. മാറി മാറി ഭരിക്കുന്ന മുന്നണികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയില്‍ കേസുകള്‍ സൃഷ്ടിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളെ രക്ഷിക്കുവാനുള്ള ബാധ്യത ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ നിക്ഷിപ്തമായിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര പ്രസക്തവും കാലഘട്ടത്തിന്റെ അനിവാര്യതയുമായി തീര്‍ന്നത്.