അഭിഭാഷക വൃത്തിയിലെ പുഴുക്കുത്ത്

Tuesday 17 October 2017 8:26 pm IST

'വേലി തന്നെ വിളവു തിന്നുന്നു' എന്ന പ്രയോഗം അന്വര്‍ത്ഥമാകുന്നതരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കേരളത്തിലെ പ്രഗത്ഭനായ ക്രിമിനല്‍ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞതിന്റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശിയാല്‍ ഏതൊക്കെ തരത്തിലുള്ള സംഭവഗതികളാവും കാണേണ്ടിവരിക. എല്ലാ രംഗത്തും ഇത്തരം കുറ്റവാസനയും തദനുബന്ധമായ സ്ഥിതിഗതികളും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതാണോ ഈ പ്രശ്‌നം. എന്തിലും മുന്‍പന്തിയിലാണെന്ന് അഹങ്കരിക്കുന്ന ഒരു സംസ്ഥാനത്തു നിന്ന് കേള്‍ക്കേണ്ട വാര്‍ത്തകളാണോ ഇതൊക്കെ. കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തന്നെയല്ലേ ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്. ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലാണ് എറണാകുളത്തെ പ്രഗത്ഭ അഭിഭാഷകന്‍ ഏഴാം പ്രതിയായിരിക്കുന്നത്. കേസും കൂട്ടവും ജോലിയായി കൊണ്ടുനടക്കുന്നവരെ സംബന്ധിച്ചിടത്തോളം കൊലയാളികളും കുറ്റവാസനയുള്ളവരും മറ്റുമായി ബന്ധപ്പെടേണ്ടിവരും എന്നുള്ളത് നിസ്തര്‍ക്കമായ സംഗതിയാണ്. തന്റെ കക്ഷിയെ രക്ഷിക്കുകയെന്ന 'ജോലിമര്യാദ' മാത്രമാണ് അതിലുള്ളത്. അല്ലാതെ കുറ്റവാളിയുടെ മാനസിക നിലവാരത്തിലേക്ക് താഴാനുള്ള അവസരമല്ല. ഇവിടെ പ്രസ്തുത അഭിഭാഷകന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധമുള്ളവരുമായി ജോലിമര്യാദയുടെ പേരില്‍ ഇടപെട്ടിരിക്കാം. അത് സ്വാഭാവികമാണുതാനും. എന്നാല്‍ അതിലപ്പുറം പോയി കുറ്റവാളിക്കൊപ്പം ചേര്‍ന്നു എന്ന ഗുരുതരമായ സ്ഥിതിയാണുണ്ടായിരിക്കുന്നത്. തന്റെ കക്ഷിക്കു നിയമോപദേശം നല്‍കുന്നതിലുപരി കക്ഷിക്കൊപ്പം കുറ്റത്തില്‍ പങ്കു ചേര്‍ന്നുവെന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. തികച്ചും ഞെട്ടലുണ്ടാക്കുന്നതാണിത്. കാരണം നിയമത്തിന്റെ തലനാരിഴ കീറി കക്ഷിയെ രക്ഷിക്കാന്‍ കാണിക്കുന്ന ഉത്സാഹവും ചാതുര്യവും കുറ്റം ചെയ്യുന്നതിനായി മാറ്റിമറിക്കുകയാണ്. നീതിന്യായ നിര്‍വഹണത്തില്‍ അങ്ങേയറ്റത്തെ കരുതലും സൂക്ഷ്മതയും പുലര്‍ത്താന്‍ ബാധ്യതപ്പെട്ടയാള്‍ തന്നെ കുറ്റം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയെന്നു വരുന്നത് എത്രമാത്രം കൊടിയ വിപത്താണ്. പണവും ആഡംബരങ്ങളും വാരിക്കൂട്ടാനുള്ള ആസക്തി പൈശാചികമായ വഴിയിലേക്കു തിരിയുകയും അതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ പ്രത്യാഘാതം എന്തായിരിക്കും? അടുത്തിടെ തൃശൂരിലെ ഒരു അഭിഭാഷകന്‍ കാര്‍ യാത്രക്കാരന്റെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. സാധാരണക്കാരന് അവസാന അഭയം ജൂഡീഷ്യറിയാണെന്ന് പൊതുവെ പറയാറുണ്ട്. അതുമായി നേരിട്ടു ബന്ധമുള്ളയിടത്താണ് ഇത്തരം പുഴുക്കുത്തുകള്‍ ഉണ്ടാവുന്നത്. ക്രിമിനല്‍ കേസില്‍പെട്ട അഭിഭാഷകന്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസിലെ പ്രോസിക്യൂട്ടറാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതു തന്നെ. ഏതായാലും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജൂഡീഷ്യറിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. കുറ്റവാളികളെ രക്ഷിക്കാനുള്ള ശാസ്ത്രീയ വഴികള്‍ പറഞ്ഞു കൊടുക്കുകയും അത് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ നിന്ന് ശാസ്ത്രീയമായി എങ്ങനെ കുറ്റം ചെയ്യാമെന്നുകൂടി അഭിഭാഷകര്‍ കാണിച്ചുകൊടുക്കുന്നത് അങ്ങേയറ്റത്തെ ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. അതിനെതിരെ സാധ്യമായ എല്ലാ കരുതലും നടപടിയും ഉണ്ടാവണമെന്നാണ് ഇത്തരുണത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്. അതിനൊപ്പം കുറ്റം തെളിയിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.