റേഷന്‍കടകളില്‍വേതന പാക്കേജ് നടപ്പിലാക്കണം; ആറു മുതല്‍ റേഷന്‍ സമരം

Tuesday 17 October 2017 8:19 pm IST

പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ വേതനപാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും, റേഷന്‍കടകളില്‍ ഇ-പോസ് യന്ത്രം സ്ഥാപിച്ച് കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ ആറു മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുന്ന 10 ലക്ഷം പരാതികളില്‍ ഉടന്‍ തീരുമാനമെടുക്കുക, അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക, കടകള്‍ക്ക് സാധനങ്ങള്‍ നല്‍കിയെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഫോണ്‍ മെസേജുകള്‍ അയയ്ക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ നാലുമാസമായി സ്വീകരിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തു റേഷന്‍കാര്‍ഡില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് കടകള്‍ അടച്ചിട്ട് സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അടൂര്‍ ഗോപാലന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.