സഹകരണക്കഥ സിപിഎമ്മില്‍ ഇനിയും തുടരും...

Tuesday 17 October 2017 8:33 pm IST

സ്വന്തം പാര്‍ട്ടിയെ എങ്ങനെ നന്നാക്കാം എന്നല്ല കോണ്‍ഗ്രസിനെ എങ്ങനെ നന്നാക്കാം എന്നാണ് ഇപ്പോള്‍ സിപിഎമ്മിന്റെ വലിയ നേതാക്കള്‍ തലപുകഞ്ഞു ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസ് സഹകരണം എന്നു പറയുമ്പോള്‍ അത് ആ പാര്‍ട്ടിക്കു തന്നെ മേല്‍ക്കൈ കൊടുത്തുള്ള സഹകരണമാണല്ലോ. ഈ സഹകരണത്തിന്റെ പേരില്‍ സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തട്ടിലാണ്. സഹകരണത്തെ എതിര്‍ക്കുന്ന പ്രകാശ് കാരാട്ട് പക്ഷവും. അനുകൂലിക്കുന്ന യെച്ചൂരി പക്ഷവും. യെച്ചൂരിയെ തള്ളി കേന്ദ്രക്കമ്മിറ്റി പ്രകാശ് കാരാട്ടിന്റെ കൂടെയാണിപ്പോള്‍. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ലെന്നാണ് യെച്ചൂരി പറയുന്നത്. അതായത് ഇതിന്റെ പേരില്‍ ഇനിയും രണ്ടുപക്ഷവും വിഭാഗിയതയും തുടരുമെന്നര്‍ഥം. ഇത്തവണ യെച്ചൂരിക്കൊപ്പം നില്‍ക്കാന്‍ വി.എസ്.അച്യുതാനന്ദനൊപ്പം തോമസ് ഐസക്കിനേയും കിട്ടി എന്നുള്ളത് പ്രത്യേകതയാണ്. ബംഗാള്‍ നേതാക്കള്‍ യെച്ചൂരിക്കൊപ്പമാണ്.ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ക്കുക എന്ന നയം മറികടന്നാണ് ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. ബംഗാല്‍ ഘടകം ഇപ്പോഴും കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ യെച്ചൂരിക്കൊപ്പമാണ്. കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലവിലുണ്ട്. അതിനുമുപരിയായി സിപിഎമ്മില്‍ കുറെക്കാലമായി തുടര്‍ന്നുവരുന്ന വിഭാഗിയതയാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. അതിന് ആശയ സംഘര്‍ഷത്തിന്റേയും സഹകരണത്തിന്റേയുംകൂടി പേര് പറയുന്നുവെന്നതും ശരിയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.