ബൈക്കില്‍ കാലുകുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

Tuesday 17 October 2017 8:33 pm IST

കട്ടപ്പന: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചക്രത്തിനുള്ളില്‍ കാലുകുടുങ്ങി അപകടത്തില്‍പെട്ട യുവാവിനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപെടുത്തി. കല്യാണത്തണ്ട് ചെന്നാപ്പാറ ആനന്ദ് ആണ് അപകടത്തില്‍പെട്ടത്. കട്ടപ്പന കൈരളിപ്പടിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞപ്പോള്‍ വലത് കാല്‍ ബൈക്കിന്റെ പിന്നിലെ ചക്രത്തിനിടയില്‍ പെടുകയായിരുന്നു. വര്‍ക്ക്‌ഷോപ്പില്‍ നിന്നും മെക്കാനിക് എത്തി ചക്രം ഊരി മാറ്റാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് കട്ടപ്പനയിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ചക്രം മുറിച്ച് ആനന്ദിനെ രക്ഷിച്ചു. ഉടന്‍ തന്നെ ഇയാളെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു. ചക്രത്തില്‍ കാല് കുടുങ്ങി കുറെ ദൂരം നീങ്ങിയതിനാല്‍ കൈയ്ക്കും ശരീരത്തിലും ഇയാള്‍ക്ക് മുറിവേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.