അക്രമം സിപിഎമ്മിനെ ഇല്ലാതാക്കും: അമിത് ഷാ

Tuesday 17 October 2017 9:44 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസിനെ രാജ്യത്ത് ഇല്ലാതാക്കിയത് അഴിമതിയും കുടുംബവാഴ്ചയുമാണെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍നിന്ന് ഇല്ലാതാക്കാന്‍ പോകുന്നത് അവര്‍ നടത്തുന്ന അക്രമങ്ങള്‍ തന്നെയായിരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പുത്തരിക്കണ്ടം മൈതാനത്ത് ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിക്കാന്‍ പിണറായി വിജയന് കഴിയില്ല. കാരണം കൊലപാതക കേസിലെ പ്രതിയെ പാര്‍ട്ടി ഭാരവാഹിയാക്കിയിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങള്‍ പിന്തുണ നല്‍കിയത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 13 ബിജെപി പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. യാത്രയ്ക്കു നല്‍കിയ പിന്തുണയ്ക്കു കേരളത്തിലെ ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി പറഞ്ഞു. എന്തുകൊണ്ട് ഈ യാത്ര സംഘടിപ്പിക്കേണ്ടിവന്നു എന്നതാണു പ്രധാനം. ബിജെപി പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അക്രമത്തിലൂടെ അടിച്ചമര്‍ത്താനാണു സിപിഎം ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് അതിനു കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും ജനരക്ഷായാത്ര നടന്നു. ദല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും ജനരക്ഷായാത്ര നടന്നപ്പോള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്നത് ശരിയല്ല എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ഓഫീസുകള്‍ ബോംബ് വച്ച് തകര്‍ത്തവരാണ് പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്നത് ശരിയല്ലെന്ന് പറയുന്നത്. കേരളത്തിന്റ വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജനരക്ഷായാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാഹചര്യം ഒരുക്കിയാല്‍ അതിന് തങ്ങള്‍ തയ്യാറാണ്. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയാം. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും അമിത് ഷാ ചോദിച്ചു. അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനാധിപത്യ മുന്നേറ്റമാണ് ജനരക്ഷാ യാത്ര. കേരളത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ ബലിദാനം വെറുതെയാകില്ല. കൊല ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാന്‍ ബിജെപി ഏതറ്റം വരെയും പോകും - അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.