രാമന്റെ പ്രതിമയ്ക്ക് വെള്ളിയമ്പ് നല്‍കാം: ഷിയാ ബോര്‍ഡ്

Tuesday 17 October 2017 10:00 pm IST

ലക്‌നൗ: അയോധ്യയില്‍ സരയൂ തീരത്ത് നിര്‍മ്മിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് വെള്ളിയില്‍ തീര്‍ത്ത 10 അമ്പുകള്‍ നല്‍കാമെന്ന് യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് അയച്ച കത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി പ്രതിമാ നിര്‍മ്മാണത്തെ സ്വാഗതം ചെയ്തു. ഇത് ലോക വിനോദ സഞ്ചാരരംഗത്ത് യുപിയെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം കുറിച്ചു. പ്രതിമ നിര്‍മ്മിക്കുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ്. അതിന് മുന്‍കൈ എടുക്കുന്ന യുപി സര്‍ക്കാരിനെ അഭിനനന്ദിച്ച റിസ്‌വി പ്രതിമയില്‍ ചേര്‍ക്കാനുള്ള പത്ത് വെളളിയമ്പുകള്‍ നല്‍കുമെന്നും വ്യക്തമാക്കി. ഈ മേഖലയിലെ നവാബുമാര്‍ എന്നും അയോധ്യയിലെ ക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നു. ഹനുമാന്‍ ഗഡിക്കുള്ള ഭൂമി 1789ല്‍ ഷൂജ ഉദ് ദൗള നവാബാണ് നല്‍കിയത്. 75നും 1793നും ഇടയ്ക്ക് ആസിഫ് ഉദ് ദൗള നവാബാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ പണം നല്‍കിയത്- റിസ്‌വി കത്തില്‍ ചൂണ്ടിക്കാട്ടി. അയോധ്യക്കേസിലെ ഒരു കക്ഷിയാണ് ഷിയാ ബോര്‍ഡ്.