ഘാന-നൈജര്‍; ആഫ്രിക്കന്‍ മാമാങ്കം ഇന്ന്

Tuesday 17 October 2017 10:36 pm IST

മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് ആഫ്രിക്കന്‍ കരുത്തര്‍ മുഖാമുഖം എത്തുന്നു. എ ഗ്രൂപ്പില്‍ ഒന്നാമന്മാരായ ഘാനയും ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാരായ നൈജറുമാണ് ക്വാര്‍ട്ടര്‍ സീറ്റിനായി പോരാടുന്നത്. വൈകിട്ട് 5ന് കളി ആരംഭിക്കും. ഗ്രൂപ്പ് എയില്‍ അമേരിക്കയ്ക്കും കൊളംബിയയ്ക്കുമൊപ്പം ആറ് പോയിന്റാണ് ഘാന നേടിയതെങ്കിലും മികച്ച ഗോള്‍ ശരാശരി അവരെ ഒന്നാമതെത്തിച്ചു. ആദ്യ കളിയില്‍ കൊളംബിയയെ 1-0ന് തോല്‍പ്പിച്ച ഘാന രണ്ടാം മത്സരത്തില്‍ അമേരിക്കയോട് ഇതേ മാര്‍ജിനില്‍ പരാജയപ്പെട്ടു. അവസാന കളിയില്‍ ഇന്ത്യക്കെതിരെ 4-0ന്റെ ജയം നേടിയതോടെ അവര്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം. ശക്തമായ പ്രതിരോധവും മുന്നേറ്റനിരയുമാണ് അവരുടെ കരുത്ത്. ഏത് ആക്രമണനിരയേയും പ്രതിരോധിക്കാനുള്ള അവരുടെ കരുത്ത് ഒന്നു വേറെതന്നെയാണ്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമാണ് അവരുടേത്. കൊളംബിയയ്‌ക്കെതിരെയും അമേരിക്കയ്‌ക്കെതിരെയും അത് കണ്ടതുമാണ്. അതേപോലെ മധ്യനിരയിലും ചില പ്രശ്‌നങ്ങളുണ്ട്. മുന്നേറ്റനിരയ്ക്ക് കൃത്യമായി പന്തെത്തിച്ചുകൊടുക്കുന്നതില്‍ മധ്യനിരയ്ക്ക് പലപ്പോഴും കഴിയുന്നില്ല. രണ്ട് ഗോളുകള്‍ നേടിയ എറിക് അയയാണ് ടീമിലെ സൂപ്പര്‍താരം. മറുവശത്ത് ആദ്യമായി ലോകകപ്പ് കളിക്കാനെത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നതിന്റെ ആവേശത്തിലാണ് നൈജര്‍ താരങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ക്ക് എതിരാളികളുടെ വല കുലുക്കാന്‍ കഴിഞ്ഞത്. സലിം അബ്ദുറഹ്മാനെയാണ് നൈജറിന്റെ ഏക സ്‌കോറര്‍. അതേസമയം ആറ് ഗോള്‍ വഴങ്ങുകയും ചെയ്തു. ആദ്യ കൡയില്‍ വടക്കന്‍ കൊറിയയെ 1-0ന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ സ്‌പെയിനിനോട് 4-0നും അവസാന കളിയില്‍ ബ്രസീലിനോട് 2-0നും തോറ്റു. സ്‌പെയിനിനെതിരായ കളിയില്‍ പ്രതിരോധം പൊളിഞ്ഞെങ്കിലും വടക്കന്‍ കൊറിയക്കെതിരെയും ബ്രസീലിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്ത്. അതിവേഗ ഫുട്‌ബോളിന്റെ ആശാന്മാരായ ഘാനക്കെതിരെ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയായിരിക്കും നൈജര്‍ കളത്തിലെത്തുക. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശീലനങ്ങളിലും ഇതിനാണ് കോച്ച് മുന്‍തൂക്കം നല്‍കിയത്. അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളായ ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിനാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.