എതിരാളികള്‍ ഹോണ്ടുറാസ്; ക്വാര്‍ട്ടറിലെത്താന്‍ ബ്രസീല്‍

Tuesday 17 October 2017 10:41 pm IST

കൊച്ചി: കാനറികള്‍ ഇന്ന് വീണ്ടും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുന്നു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിന് ഗോവയിലേക്ക് പോയി തിരിച്ചെത്തിയ അവര്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കളിക്കാനിറങ്ങുന്നത്. എതിരാളികള്‍ ദുര്‍ബലരായ ഹോണ്ടുറാസ്. അതിനാല്‍ അനായാസ വിജയം നേടി ക്വാര്‍ട്ടറില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. രാത്രി എട്ടിനാണ് കിക്കോഫ്. ഗ്രൂപ്പ് ഡിയില്‍ മൂന്ന് മത്സരവും ജയിച്ച് ഒന്നാമതായാണ് ബ്രസീല്‍ അവസാന 16-ല്‍ ഇടംനേടിയത്. ആദ്യ കളിയില്‍ സ്‌പെയിനിനെ 2-1നും രണ്ടാം മത്സരത്തില്‍ വടക്കന്‍ കൊറിയയെ 2-0നും അവസാന പോരാട്ടത്തില്‍ നൈജറിനെ 2-0നും പരാജയപ്പെടുത്തി. ആകെ ആറ് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം. അത് സെല്‍ഫ് ഗോളുമായിരുന്നു. കരുത്തുറ്റ താരനിരയാണ് കാനറികളുടെ കരുത്ത്. മൂന്ന് ഗോള്‍ നേടിയ ലിങ്കണാണ് അവരുടെ തുരുപ്പുചീട്ട്. രണ്ട് ഗോള്‍ നേടിയ പൗളീഞ്ഞോ, ഒരെണ്ണം നേടിയ ബ്രണ്ണര്‍ എന്നിവരും മികച്ച ഗോളടിക്കാര്‍ തന്നെ. ഇന്നും ആദ്യ ഇലവനില്‍ സ്‌ട്രൈക്കര്‍മാരായി ലിങ്കണും പൗളീഞ്ഞോയും ബ്രണ്ണറുമായിരിക്കും ഇടംനേടുക. മധ്യനിരയില്‍ വിക്ടര്‍ ബോബ്‌സണ്‍, മാര്‍ക്കസ് അന്റോണിയോ, അലന്‍ എന്നിവര്‍ ഇറങ്ങാനാണ് സാധ്യത. വെസ്‌ലി, വെവേഴ്‌സണ്‍, ലൂക്കാസ് ഹാള്‍ട്ടര്‍ എന്നിവര്‍ പ്രതിരോധം കാക്കാനുമിറങ്ങും. കഴിഞ്ഞ മത്സരങ്ങളിലെ പോലെ 4-3-3 ശൈലിയില്‍ തന്നെയായിരിക്കും ബ്രസീല്‍ ഇന്നിറങ്ങുക. കൊച്ചിയില്‍ ബ്രസീലിന് ഏറെ ആരാധകരുള്ളത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബ്രസീല്‍ കൊച്ചിയില്‍ കളിച്ചപ്പോഴെല്ലാം ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ത്തിരുന്നു. അത് അവരുടെ കോച്ചിന്റെയും കളിക്കാരുടെ വാക്കുകൡ നിറഞ്ഞുനിന്നു. ബ്രസീലില്‍ കളിക്കുന്നതുപോലെയുള്ള അനുഭവമാണ് കൊച്ചിയിലെന്നാണ് കോച്ച് അമാദ്യു പറഞ്ഞത്. ഗ്രൂപ്പ് ഇയില്‍ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായാണ് ഹോണ്ടുറാസ് നോക്കൗട്ടില്‍ ഇടംപിടിച്ചത്. മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമടക്കം 3 പോയിന്റ് നേടിയാണ് അവസാന 16-ല്‍ ഒന്നായത്. ആദ്യകളിയില്‍ ജപ്പാനോട് 6-1ന്റെ തോല്‍വിയോടെ തുടക്കം. രണ്ടാം മത്സരത്തില്‍ ന്യൂ കാലിഡോണിയെ 5-0ന് തകര്‍ത്തെങ്കിലും അവസാന മത്സരത്തില്‍ ഫ്രാന്‍സിനോട് 5-1ന് തകര്‍ന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമാണ് ഹോണ്ടുറാസ്. മൂന്ന് കളികളില്‍ നിന്ന് 11 ഗോളുകള്‍. അടിച്ചത് 7ഉം. മൂന്ന് ഗോളുകള്‍ വീതം നേടിയ കാര്‍ലോസ് മെജിയയും പാട്രിക് പലാസിയോസുമാണ് അവരുടെ ടോപ് സ്‌കോറര്‍. മധ്യ-മുന്നേറ്റനിര തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും ദുര്‍ബലമായ പ്രതിരോധമാണ് അവരുടെ പ്രശ്‌നം. എതിരാളികള്‍ക്ക് അനായാസം കീഴ്‌പ്പെടുന്ന പ്രകടനമാണ് കഴിഞ്ഞ കളികളില്‍ അവര്‍ നടത്തിയത്. ഇന്ന് ബ്രസീലിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ പഴുതില്ലാത്ത പ്രതിരോധം കെട്ടിപ്പൊക്കിയില്ലെങ്കില്‍ ഹോണ്ടുറാസിന്റെ കാര്യം കഷ്ടത്തിലാകും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലനത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളാണ് അവര്‍ പരീക്ഷിച്ചത്. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. 2013-ല്‍ ക്വാര്‍ട്ടറിലെത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ഹോണ്ടുറാസിന്റെ ഇത്തവണത്തെ ലക്ഷ്യം. അതിനായി ബ്രസീലിനെതിരെ ജീവന്മരണപ്പോരാട്ടത്തിനാണ് അവര്‍ തയ്യാറെടുക്കുന്നത്.