''ബലിദാനികള്‍ക്ക് മരണമില്ല; നീതി ലഭിക്കും വരെ പോരാട്ടം...''

Wednesday 18 October 2017 12:28 am IST

1.രഞ്ജിത്തിന്റെ മാതാപിതാക്കളായ രാജനും മോളിക്കുമൊപ്പം കുമ്മനം. 2.ശ്രീകാര്യത്ത് രാജേഷിന്റെ കുടുംബാംഗങ്ങളെ കുമ്മനം സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: ഒരാദര്‍ശത്തില്‍ വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരില്‍ സിപിഎമ്മുകാരുടെ കൊലക്കത്തിക്കിരയായി ജീവന്‍വെടിഞ്ഞ മണ്ണന്തലയിലെ രഞ്ജിത്തിന്റെയും കല്ലമ്പള്ളിയിലെ രാജേഷിന്റെയും വീടുകളിലെത്തി ബന്ധുക്കളുടെ അനുഗ്രഹം വാങ്ങിയാണ് കുമ്മനം രാജശേഖരന്‍ ജനരക്ഷായാത്രയുടെ അവസാന ദിനത്തിന് തുടക്കം കുറിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം കുമ്മനവും ദേശീയ സംസ്ഥാന നേതാക്കളും ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി, ”നിങ്ങള്‍ ഒറ്റയ്ക്കല്ല, രാജ്യത്തെ പതിനൊന്നു കോടി ബിജെപി പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.

ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് നീതിലഭിക്കും വരെ പോരാട്ടം തുടരുകതന്നെ ചെയ്യും…”
ആര്‍എസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷണ്‍പ്രമുഖ് രഞ്ജിത്ത് സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെട്ടതിന്റെ ഒന്‍പതാം വാര്‍ഷികമായിരുന്നു ഇന്നലെ. കുമ്മനവും നേതാക്കളും രഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ദുഃഖം താങ്ങാനാകാതെ അമ്മ മോളിയും അച്ഛന്‍ രാജനും പൊട്ടിക്കരഞ്ഞു. പച്ചക്കറിക്കട ഉടമയായ രഞ്ജിത് രാവിലെ കട തുറക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തിനെ വകവരുത്തി മണ്ണന്തലയിലും പരിസരത്തും ആര്‍എസ്എസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു സിപിഎമ്മുകാരുടെ ഉദ്ദേശ്യം. രഞ്ജിത്തിന്റെ കൊലപാതകം ഒരു കുടുംബത്തെയാണ് അനാഥമാക്കിയത്. രഞ്ജിത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കുമ്മനവും നേതാക്കളും അവിടെ നിന്നു മടങ്ങിയത്.

”എന്റെ മകനെ കൊലപ്പെടുത്തിയവര്‍ യാതൊരു ഭയവുമില്ലാതെ സൈ്വര്യവിഹാരം നടത്തുന്നു. അവന് നീതി ലഭിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം….” സിപിഎമ്മുകാര്‍ ക്രൂരമായി കൊലചെയ്ത കല്ലമ്പള്ളിയിലെ രാജേഷിന്റെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്റെ കൈപിടിച്ച് വിതുമ്പി അമ്മ ലളിതകുമാരി പറഞ്ഞു. ”സംസ്ഥാന സര്‍ക്കാരിലെ മന്ത്രി ഉള്‍പ്പടെ വീട്ടിലെത്തി സഹായങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും ലഭിച്ചില്ല. സഹായങ്ങളൊന്നും വേണ്ട. എന്റെ മകനെ കൊന്നവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണം. നിഷ്പക്ഷമായ അന്വേഷണം വേണം….” രാജേഷിന്റെ പിതാവ് സുദര്‍ശന്‍ പറഞ്ഞു.

ശ്രീക്രാര്യം കല്ലമ്പള്ളി വിനായകനഗറിലെ കുന്നില്‍ വീട് തിരുവാതിരയില്‍ രാജേഷ്(34)കഴിഞ്ഞ ജൂലൈ 29ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ബസ്തി കാര്യവാഹായ രാജേഷ് ശാഖയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ കടയില്‍ നിന്നും പാല്‍ വാങ്ങുന്നതിനിടെ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഐഎസ് ഭികരര്‍ പോലും കാണിക്കാത്ത ക്രൂരതയായിരുന്നു രാജേഷിനോട് സിപിഎം ക്രിമിനലുകള്‍ കാട്ടിയത്. കൈവെട്ടി ദൂരെ എറിഞ്ഞ ശേഷം 89 വെട്ടുകള്‍ വെട്ടി ക്രൂരമായി കൊന്നു.

”കൊല്ലപ്പെട്ടവര്‍ക്കു പകരമായി മറ്റൊന്നും നല്‍കാനാകില്ല. എന്നാല്‍ എന്നും കുടുംബത്തോടൊപ്പം ഞങ്ങളുണ്ട്. ബിജെപി പ്രവര്‍ത്തകരുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വമുണ്ട്. കുടുംബത്തിനു നീതിലഭിക്കാന്‍ ഏതറ്റം വരെയും പോകും. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. അതിനുവേണ്ടതെല്ലാം ചെയ്യും….” കുമ്മനം കുടുബത്തെ അറിയിച്ചു.

രാജേഷിന്റെ ഭാര്യ റീന, മക്കള്‍ അഭിലാഷ്, ആദിത്യന്‍ എന്നിവരെ ആശ്വസിപ്പിക്കുകയും രാജേഷിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷവുമാണ് നേതാക്കള്‍ മടങ്ങിയത്. പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ വിനോദ് സോങ്കാര്‍ എംപി, ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ സെക്രട്ടറി എച്ച്.രാജ, അരവിന്ദ്‌മേനോന്‍, വി. മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എസ്.സുരേഷ്, അഡ്വ.പി.സുധീര്‍ തുടങ്ങിയ നേതാക്കളും ബലിദാനികളുടെ വീട്ടിലെത്തി.