പതിനൊന്നാം തവണ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്

Wednesday 18 October 2017 1:36 am IST

ശബരിമല: നറുക്കില്‍ പതിനൊന്നാം തവണയാണ് ഉണ്ണകൃഷ്ണന്‍ നമ്പൂതിരിക്ക് ഭാഗ്യം തെളിഞ്ഞത്. പന്തളംകൊട്ടാരത്തിലെ കുട്ടികളായ സൂര്യഅനൂപ് വര്‍മ്മയും ഹൃദ്യാവര്‍മ്മയുമാണ് സന്നിധാനത്തും മാളികപ്പുറത്തും മേല്‍ശാന്തിമാരെ നറുക്കിട്ടെടുത്തത്. മേല്‍ശാന്തി പട്ടികയിലുള്ളവരുടെ പതിനാലുപേരുകള്‍ എഴുതിയ നറുക്കുകള്‍ ഒരു വെള്ളിക്കുടത്തിലും മേല്‍ശാന്തി എന്നെഴുതിയ ഒരു നറുക്കും ഒന്നുമെഴുതാത്ത പതിമൂന്ന് വെള്ളപേപ്പര്‍ കഷണങ്ങളും മറ്റൊരു വെള്ളിക്കുടത്തിലും നിക്ഷേപിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിന്നുള്ളില്‍ കൊണ്ടുപോയി പൂജിച്ചശേഷമാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മേല്‍ശാന്തിപട്ടികയില്‍ നിന്നും ഒരു നറുക്കെടുത്ത ശേഷം മേല്‍ശാന്തി എന്നെഴുതിയിട്ട കുടത്തില്‍നിന്നും നറുക്കെടുക്കും. മേല്‍ശാന്തി എന്നാണ് കിട്ടുന്നതെങ്കില്‍ ആ പേരുകാരനാണ് മേല്‍ശാന്തി പദത്തിലെത്തുന്നത്. ഇത്തരത്തില്‍ പതിനൊന്നാമത്തെ തവണയെടുത്തപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പേരും മേല്‍ശാന്തി എന്ന് നറുക്കും കിട്ടി. നേരത്തെ രണ്ടുതവണ ശബരിമലയില്‍ മേല്‍ശാന്തിയാകുവാന്‍ എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അപേക്ഷ നല്‍കിയിരുന്നു. മാളികപ്പുറത്തു നടന്ന നറുക്കെടുപ്പില്‍ മൂന്നാമത്തെ തവണ അനീഷ് നമ്പൂതിരിയുടെ പേരും മേല്‍ശാന്തി എന്നെഴുതിയ നറുക്കും ഒരുപോലെ വന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജില്ലാജഡ്ജി എസ്.മനോജ്, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.