തോമസ് ചാണ്ടി അവധിയെടുക്കുന്നു

Wednesday 18 October 2017 11:12 am IST

തിരുവനന്തപുരം : ഈ മാസം അവസാ‍നം മുതല്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ഇക്കാര്യം തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. എന്‍സിപി നേതൃത്വവുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെടുക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് തിരിച്ചെത്തുമെന്നും തോമസ് ചാണ്ടി അറിയിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അടക്കമുള്ള ഭൂമി പ്രശ്നങ്ങളിന്മേല്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നത്. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കയ്യേറിയതായി കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. കൈക്ക് പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അടക്കമുള്ള ചികില്‍സ വേണ്ടി വന്നേക്കാം എന്നതിനാലാണ് അവധി എടുക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം. ചികില്‍സയ്ക്കായി ഇസ്രായേലിലേക്ക് പോകാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം. മുമ്പും ഇസ്രായേലിലാണ് ചികില്‍സയ്ക്കായി പോയതെന്നും, അതിനാല്‍ ഇസ്രയേല്‍ യാത്രയില്‍ അസ്വാഭാവികതയില്ലെന്നും തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിയുടെ അവധി അനുവദിക്കുന്ന കാര്യത്തിലും, പകരം തോമസ് ചാണ്ടി കൈകാര്യം ചെയ്യുന്ന ഗതാഗത വകുപ്പിന്റെ ചുമതല ആര്‍ക്ക് കൈമാറണമെന്ന കാര്യവും നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇന്ന് ദീപാവലി ആയതിനാലാണ് മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.