തടാകതീരത്തെ നിര്‍മ്മാണത്തിന് എതിരെ പഞ്ചായത്ത് നടപടിക്ക്

Wednesday 18 October 2017 11:37 am IST

കുന്നത്തൂര്‍: പഞ്ചായത്തിന്റെ നിരോധനം മറികടന്ന് ശാസ്താംകോട്ട തടാകതീരത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നു. മുതുപിലാക്കാട് പുന്നമുട് ബണ്ട് ഭാഗത്ത് തടാകത്തോട് ചേര്‍ന്നാണ് സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. റിസോര്‍ട്ട് എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാദമാവുകയും പണി നിര്‍ത്തുകയും ചെയ്തതാണ് ഇത്. ഹൈക്കോടതി അനുമതിയുണ്ടെന്ന അവകാശവാദത്തോടെയാണ് അടൂര്‍ മണക്കാല സ്വദേശി കെട്ടിട നിര്‍മ്മാണം പുനരാരംഭിച്ചത്. നിര്‍മ്മാണം തടഞ്ഞുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ രണ്ടാഴ്ച്ച മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്തിന്റെ എന്‍ഒസി വാങ്ങാതെയായിരുന്നു നിര്‍മ്മാണം. വിലക്ക് ലംഘിച്ച് കെട്ടിട നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി തടാകതീരത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കെട്ടിട നിര്‍മ്മാണമെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പഞ്ചായത്ത് അനുമതി ഇല്ലാത്ത കെട്ടിടത്തിന് കെഎസ്ഇബി വൈദ്യുത കണക്ഷന്‍ നല്‍കിയതും വിവാദമാകാന്‍ ഇടയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.